ന്യൂഡൽഹി: ടിക് ടോക് എന്ന വീഡിയോ ഷെയറിംഗ് ആപ്പിനു സർക്കാർ പൂട്ടിട്ടപ്പോൾ രണ്ടായിരത്തിലധികം ഇന്ത്യക്കാരായ ജീവനക്കാരെ ചൈനയുടെ ബൈറ്റ് ഡാൻസ് എന്ന ടിക് ടോക് കന്പനി പിരിച്ചുവിട്ടു. ഇന്ത്യയിലേക്കു ടിക് ടോക് തിരിച്ചുവരുമെന്ന പ്രതീക്ഷകൾ അസ്തമിച്ചുവെന്ന് കന്പനി അറിയിച്ചു. ജീവനക്കാരിൽ പലർക്കും കന്പനിയുടെ അറിയിപ്പ് അയച്ചിട്ടുണ്ടെന്ന് ടിക് ടോക് ഗ്ലോബൽ ഇടക്കാല അധ്യക്ഷ വനേസ പപ്പാസ്, ഗ്ലോബൽ ബിസിനസ് സൊല്യൂഷൻ വൈസ് പ്രസിഡന്റ് ബ്ലേക് ചാൻഡ്ലി എന്നിവർ പറഞ്ഞു. കന്പനിയുടെ നിയമകാര്യ വിഭാഗം, ഹ്യൂമൻ റിസോഴ്സ്, അക്കൗണ്ട്സ് എന്നിവ നിലനിർത്തും.
സർക്കാരുമായി ചർച്ചകൾ നടത്തുകയാണ് ലക്ഷ്യം. മൂന്നുമാസത്തെ അധികശന്പളം അനുവദിച്ചും ആറുമാസം കന്പനിയെ സേവിച്ചതിന് പാരിതോഷികവും നല്കിയുമേ ഇവരെ പിരിച്ചുവിടൂ എന്ന് വനേസ പറഞ്ഞു. 2020 ജൂൺ 29നാണ് ടിക് ടോക് ഉൾപ്പെടെ 59 ചൈനീസ് ആപ്പുകൾ നിരോധിച്ചുകൊണ്ട് കേന്ദ്രസർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. ലഡാക്കിൽ ഇന്ത്യൻ സൈനികരെ ചൈനീസ് സൈനികർ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ചായിരുന്നു ഇത്.
ഇന്ത്യയിലെ ബിസിനസ് ടിക് ടോക് നിർത്തി, രണ്ടായിരത്തിലധികം ഇന്ത്യക്കാരുടെ പണിപോയി
12:21 AM Jan 28, 2021 | Deepika.com