ബെയ്ജിംഗ്: കോവിഡ് വൈറസ് വ്യാപനം തടയുന്നതിനായി ലോകത്ത് ആദ്യമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ട് ഇന്ന് ഒരു വർഷം. 2019 നവംബർ 17ന് ചൈനീസ് നഗരമായ വുഹാനിലാണ് ആദ്യമായി കോവിഡ് വൈറസ് ബാധ കണ്ടെത്തിയത്. ചൈനീസ് സർക്കാർ ആദ്യം ഇക്കാര്യം രഹസ്യമാക്കിവച്ചെങ്കിലും പിന്നീട് വൈറസ് വ്യാപകമാകുകയും മരണസംഖ്യ ഏറുകയും ചെയ്തതോടെ ലോകമെങ്ങും ഈ വാർത്ത പരന്നു. രോഗികളുടെ എണ്ണം ദിനംപ്രതി വർധിക്കുകയും ആശുപത്രികളെല്ലാം നിറഞ്ഞുകവിയുകയും ജനം തെരുവിൽ മരിച്ചുവീഴുകയും ചെയ്തതോടെയാണ് ചൈനീസ് സർക്കാർ വുഹാൻ നഗരത്തിൽ കഴിഞ്ഞ വർഷം ജനുവരി 23ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്.
ഏതാനും മാസങ്ങൾക്കുള്ളിൽ വുഹാനിൽ രോഗത്തിന് ശമനമുണ്ടായെങ്കിലും ലോകത്തിന്റെ ഇതരഭാഗങ്ങളിലേക്ക് ഈ മഹാമാരി പടർന്നുപിടിക്കുകയും വിവിധ രാജ്യങ്ങൾ മാസങ്ങളോളം ലോക്ക്ഡൗൺ പ്രഖ്യാപിക്കുകയും ചെയ്യുന്ന കാഴ്ചയാണു കാണാനായത്.
വുഹാൻ നഗരത്തിൽ കഴിഞ്ഞ വർഷം ജനുവരി 23ന് പ്രഖ്യാപിച്ച ലോക്ക്്ഡൗൺ ഏപ്രിലിലാണ് പിൻവലിച്ചത്. ലോക്ക്്ഡൗൺ കാലയളവിൽ തിരക്കേറിയ വുഹാൻ നഗരത്തിലെ ശൂന്യമായ തെരുവുകളും അടഞ്ഞുകിടക്കുന്ന വ്യാപാരസ്ഥാപനങ്ങളും ഇടവിട്ട് പാഞ്ഞുപൊയ്ക്കൊണ്ടിരുന്ന ആംബുലൻസുകളുടെ കാഴ്ചയും ലോകം ഞെട്ടലോടെയാണ് കണ്ടത്. കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം ഇതര രാജ്യങ്ങളെല്ലാം ദിനംപ്രതി പുറത്തുവിടുമ്പോഴും ചൈന, ഉത്തരകൊറിയ തുടങ്ങി ഏതാനും രാജ്യങ്ങളിലെ കണക്ക് ഇനിയും വ്യക്തമല്ല. വുഹാനിൽ 3,869 പേരും രാജ്യത്താകെ 4,635 പേരുമാണ് കോവിഡ് ബാധിച്ചു മരിച്ചതെന്നാണ് ചൈനീസ് സർക്കാർ ആവർത്തിക്കുന്നത്. എന്നാൽ, ചൈനയിലെ മരണനിരക്ക് വളരെ വലുതാണെന്ന് പാശ്ചാത്യമാധ്യമങ്ങൾ അടിവരയിടുന്നു.
വുഹാനിൽനിന്നു പടർന്നുപിടിച്ച മഹാമാരി ഏതാനും മാസങ്ങൾക്കുള്ളിൽ ചൈനയിൽ നിയന്ത്രണവിധേയമായെങ്കിലും ഒരു വർഷത്തിനുശേഷം വീണ്ടും പടർന്നുപിടിക്കുകയാണ്. ഈവർഷം ഇതുവരെ 500 പേർ രാജ്യത്ത് രോഗബാധിതരായെന്നാണ് ഔദ്യോഗിക വെളിപ്പെടുത്തൽ.
രോഗവ്യാപനത്തെത്തുടർന്ന് കഴിഞ്ഞയാഴ്ച തലസ്ഥാനമായ ബെയ്ജിംഗിനു സമീപത്തുള്ള മൂന്നു നഗരങ്ങളിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്.
ഒരുവശത്ത് വാക്സിനേഷൻ വ്യാപകമായി നടക്കുമ്പോഴും ജനിതകമാറ്റം സംഭവിച്ച കോവിഡ് ഇപ്പോഴും ലോകത്താകമാനം മരണം വിതച്ചുകൊണ്ടിരിക്കുന്നു. മിക്ക യൂറോപ്യൻ രാജ്യങ്ങളിലും ഈമാസം മുഴുവൻ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ബ്രിട്ടനിൽ ദിനംപ്രതി 2000 പേരെങ്കിലും ഇപ്പോഴും മരിക്കുന്നു. കോവിഡ് രോഗികളെ പരിചരിച്ച് ആരോഗ്യപ്രവർത്തകരെല്ലാം തളർന്ന സാഹചര്യത്തിൽ ബ്രിട്ടീഷ് സർക്കാർ സൈന്യത്തിന്റെ സഹായം തേടിയിരിക്കുകയാണ്. മൂന്നാം ലോക്ക്ഡൗണിലാണിപ്പോൾ രാജ്യം.
കോവിഡ്: ആദ്യ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ട് ഇന്ന് ഒരു വർഷം
01:02 AM Jan 23, 2021 | Deepika.com