നികുതിലോകം / ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്റ്
സാധാരണഗതിയിൽ നികുതിദായകന്റെ വാർഷിക വിറ്റുവരവ് ഒരു കോടി രൂപയിൽ അധികമായാൽ പ്രസ്തുത കണക്കുകൾ നിർബന്ധിതമായും ഓഡിറ്റ് ചെയ്ത് വേണം ആദായനികുതി റിട്ടേണുകൾ സമർപ്പിക്കേണ്ടത്. എന്നാൽ ആദായനികുതി നിയമം 44 എ.ഡി. അനുസരിച്ച് അനുമാനനികുതി അടച്ച് റിട്ടേണുകൾ ഫയൽ ചെയ്യുന്നവർക്ക് 2 കോടി രൂപ വരെയാണ് വിറ്റുവരവിന്റെ പരിധി. അങ്ങനെയുള്ള കേസുകളിൽ രണ്ട് കോടി രൂപയിൽ കൂടുതൽ വിറ്റുവരവുണ്ടെങ്കിൽ നിർബന്ധിത ഓഡിറ്റ് ആവശ്യമാണ്.
എന്നാൽ സാന്പത്തികവർഷം 2019-20 മുതൽ 5 കോടി രൂപ വരെ വിറ്റുവരവുളള നികുതിദായകർ അവരുടെ ആകെ വിറ്റുവരവിന്റെ 5% ത്തിൽ താഴെ മാത്രം കാഷായി സ്വീകരിക്കുകയും ആകെ ചെലവിന്റെ 5% ത്തിൽ താഴെ മാത്രം കാഷായി ചെലവഴിക്കുകയും ചെയ്യുകയാണെങ്കിൽ അവർക്ക് നിർബന്ധിത ഓഡിറ്റിൽ നിന്നും ഒഴിവ് ലഭിക്കുന്നതാണ്.
ടാക്സ് ഓഡിറ്റും ട്രാൻസ്ഫർ പ്രൈസ് ഓഡിറ്റും ആവശ്യമുള്ള നികുതിദായകർ 2019-20 സാന്പത്തികവർഷത്തിലെ ഓഡിറ്റ് റിപ്പോർട്ട് 2021 ജനുവരി 15 ന് മുന്പ് ഫയൽ ചെയ്യേണ്ടതുണ്ട്. അവരുടെ നികുതി റിട്ടേണുകൾ പങ്കുവ്യാപാര സ്ഥാപനങ്ങളാണെങ്കിൽ പങ്കുകാരുടേതുൾപ്പെടെ ഫെബ്രുവരി 15 വരെ ഫയൽ ചെയ്യാം.
ബിലേറ്റഡ് റിട്ടേണുകൾ എന്നു വരെ ഫയൽ ചെയ്യുവാൻ സാധിക്കും?
താമസിച്ച് ഫയൽ ചെയ്യു ന്ന റിട്ടേണുകൾ ആണ് ബിലേറ്റഡ് റിട്ടേണുകൾ. നിയമം അനുസരിച്ച് 2019-20 സാന്പത്തികവർഷത്തിലെ ബിലേറ്റഡ് റിട്ടേണുകൾ 2021 മാർച്ച് 31 വരെയാണ് ഫയൽ ചെയ്യുവാൻ സാധിക്കുന്നത്. നിലവിലെ കോവിഡ്സാഹചര്യം വെച്ച് ചിലപ്പോൾ സമയം നീട്ടിനൽകുവാനും സാധ്യതയുണ്ട്. 2021 ജനുവരി 10 കഴിഞ്ഞ് 2021 മാർച്ച് 31 ന് മുന്പ് ആണ് ഫയൽ ചെയ്യുന്നത് എങ്കിൽ പിഴത്തുക 10000 രൂപ ആയി നിജപ്പെടുത്തിയിട്ടുണ്ട്. എന്നാൽ നികുതിക്ക് മുന്പുള്ള വരുമാനം 5 ലക്ഷം രൂപയ്ക്കു താഴെയാണെങ്കിൽ പിഴത്തുക 1000 രൂപയിൽ ഒതുങ്ങി നിൽക്കും. മാർച്ച് 31 ന് ശേഷം 2019-20 സാന്പത്തിക വർഷത്തിലെ റിട്ടേണുകൾ ഫയൽ ചെയ്യുവാൻ നിലവിലെ നിയമം അനുസരിച്ച് സാധാരണഗതിയിൽ സാധിക്കുകയില്ല.
ബിലേറ്റഡ് റിട്ടേണുകൾ റിവൈസ് ചെയ്ത് ഫയൽ ചെയ്യുവാൻ സാധിക്കുമോ?
2016-17 സാന്പത്തിക വർഷത്തിന് മുന്പുവരെ ബിലേറ്റഡ് റിട്ടേണുകൾ ഒരിക്കൽ ഫയൽ ചെയ്തു-കഴിഞ്ഞാൽ പിന്നീട് റിവൈസ് ചെയ്ത് ഫയൽ ചെയ്യുവാൻ സാധിക്കില്ലായിരുന്നു. എന്നാൽ 2016-17 സാന്പത്തികവർഷത്തിലെ റിട്ടേണുകൾ തുടങ്ങി ബിലേറ്റഡായി ഫയൽ ചെയ്യുന്ന എല്ലാ റിട്ടേണുകളും പുതുക്കി ഫയൽ ചെയ്യാവുന്നതാണ്.
നഷ്ടം ഉണ്ടായിട്ടുണ്ടെങ്കിൽ ക്യാരിഫോർവേഡ് ചെയ്യാനാവില്ല
നിങ്ങൾ ബിലേറ്റഡ് റിട്ടേണുകളാണ് ചെയ്യുന്നതെങ്കിൽ നഷ്ടം ഉണ്ടായിട്ടുണ്ടെങ്കിൽ അവ അടുത്ത വർഷത്തേക്ക് ക്യാരിഫോർവേഡ് ചെയ്യുവാൻ സാധിക്കില്ല. എന്നാൽ ഹൗസ് പ്രോപ്പർട്ടിയിലുണ്ടായ നഷ്ടം ക്യാരിഫോർവേഡ് ചെയ്യാവുന്നതാണ്. ബിസിനസിൽ നിന്നും പ്രൊഫഷനിൽ നിന്നുമുള്ള നഷ്ടങ്ങൾ, മൂലധനനഷ്ടം, മറ്റു വരുമാനങ്ങളുടെ പേരിലുണ്ടാവുന്ന നഷ്ടങ്ങൾ എന്നിവയാണ് ക്യാരിഫോർവേഡ് ചെയ്യുവാൻ അനുവദിക്കില്ലാത്തത്
മറ്റ് നിയമങ്ങൾ അനുസരിച്ച് കണക്കുബുക്കുകൾ ഓഡിറ്റ് ചെയ്യപ്പെടുന്ന നികുതിദായകർ ആ
ദായനികുതി നിയമം അനുസരിച്ച് വീണ്ടും ഓഡിറ്റ് ചെയ്യണമോ?
കന്പനികൾ, കോഓപ്പറേറ്റീവ് സൊസൈറ്റികൾ മുതലായവ അവരുടെ നിയമങ്ങൾ അനുസരിച്ച് കണക്കുബുക്കുകൾ ഓഡിറ്റ് ചെയ്യേണ്ടതുണ്ട്. അങ്ങനെയുള്ള നികുതിദായകർ വീണ്ടും ആദായനികുതി നിയമം അനുസരിച്ച് പൂർണമായും ഓഡിറ്റ് ചെയ്യേണ്ടതില്ല. എന്നാൽ വ്യത്യസ്തങ്ങളായ സാന്പത്തിക വർഷങ്ങളാണ് പ്രസ്തുത നികുതിദായകർ അനുവർത്തിക്കുന്നതെങ്കിൽ ബുക്കുകൾ തീർച്ചയായും ആദായനികുതിനിയമം അനുസരിച്ചും ഓഡിറ്റ് ചെയ്യേണ്ടതുണ്ട്. അല്ലാത്തപക്ഷം, ഓഡിറ്റർ ഫോം നന്പർ 3 സിഎയിൽ റിപ്പോർട്ട് നൽകിയാൽ മതി.
അഞ്ചു കോടി രൂപ വരെ വിറ്റുവരവുള്ള സ്ഥാപനങ്ങൾക്കു നിബന്ധനകൾക്കു വിധേയമായി നിർബന്ധിത ഓഡിറ്റിൽനിന്ന് ഒഴിവ്
12:10 AM Jan 11, 2021 | Deepika.com