മുംബൈ: കോവിഡ് വാക്സിന്റെ വരവ് രാജ്യത്തെ സാന്പത്തിക രംഗത്തും ആരോഗ്യ രംഗത്തും ഉണർവ് പകരുന്നതായി കേന്ദ്ര ധനമന്ത്രാലയം. ലോക്ക് ഡൗണ്‍ പിൻവലിച്ചതു മുതൽ രാജ്യത്ത് ദൃശ്യമായിത്തുടങ്ങയ‘ v’ ആകൃതിയിലുള്ള സാന്പത്തിക വളർച്ചയും സാന്പത്തിക സൂചകങ്ങളിലെ ഉണർവും കോവിഡ് തരംഗത്തിനെതിരേയുള്ള രാജ്യത്തിന്റെ മികച്ച പോരാട്ടത്തെ അടയാളപ്പെടുത്തുന്നുവെന്നും ധനമന്ത്രാലയത്തിന്റെ പ്രതിമാസ റിപ്പോർട്ടിൽ പറയുന്നു.
വ്യാവസായിക ഉത്പാദനം, ഇന്ധന ഉപയോഗം, ടോൾ പിരിവിലെ വർധന തുടങ്ങിയവയെല്ലാംതന്നെ കോവിഡിനു മുന്‍പുള്ളതിനേക്കാൾ വർധന കൈവരിച്ചിരിക്കുന്നു. ഡിസംബറിലെ ജിഎസ്ടി വരുമാനം റിക്കാർഡ് കുറിച്ചതും ശ്രദ്ധേയമാണ്. ബാങ്കിംഗ് സംവിധാനങ്ങളിൽ പണ ലഭ്യത ഉറപ്പുവരുത്താനും കഴിഞ്ഞിട്ടുണ്ട്. എംഎസ്എംഇ വിഭാഗങ്ങൾക്ക് 2.05 ലക്ഷം കോടിയുടെ അടിയന്തര വായ്പ നൽകാനായി. 80.93 ലക്ഷം പേരാണ് ഇതിന്റെ ഗുണഭോക്താക്കൾ.
കാർഷിക രംഗവും മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. മികച്ച വിളവെടുപ്പിനെത്തുടർന്ന് ട്രാക്ടർ വിൽപനയിലും വർധനയുണ്ട്. യാത്രാവാഹനങ്ങളുടെ വിൽപനയും കോവിഡിനു മുന്‍പുള്ള സാധാരണ നിലയിലേക്ക് എത്തിയതായി ധനമന്ത്രാലയം അറിയിച്ചു.
സാന്പത്തിക രംഗത്തിന് ഉത്തേജകമായി വാക്സിൻ
01:13 AM Jan 06, 2021 | Deepika.com