നികുതിലോകം/ ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്റ്
ക്രമരഹിതമായി സ്വീകരിക്കുന്ന നിക്ഷേപങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ “അണ് റെഗുലേറ്റഡ് ഡെപ്പോസിറ്റ് സ്കീം ബിൽ - 2019’ ലോകസഭ 13-02-2019 ൽ പാസാക്കിയിരുന്നു. പ്രത്യേക ഓർഡിനൻസ് അനുസരിച്ച് 21-02-2019 മുതൽ ക്രമരഹിതമായി സ്വീകരിക്കുന്ന നിക്ഷേപങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തി. ഇതു 31-07-2019ൽ ബാനിംഗ് ഓഫ് അണ്‍റെഗുലേറ്റഡ് ഡെപ്പോസിറ്റ് സ്കീം ആക്ട് എന്ന പേരിൽ നിയമമാക്കുകയും ചെയ്തു. ഇതു പ്രകാരം ക്രമരഹിതമായി സ്വീകരിക്കുന്ന എല്ലാ നിക്ഷേപങ്ങളും നിരോധിച്ചിട്ടുണ്ട്. അംഗീകാരം ഇല്ലാത്ത പോണ്‍സി സ്കീമുകളിൽ പണം നിക്ഷേപിച്ച് നിക്ഷേപകരുടെ പണം നഷ്ടപ്പെടാതിരിക്കാനുള്ള മുൻകരുതലായിട്ടാണ് ഈ നിയമം.
എന്താണ് അണ്‍റെഗുലേറ്റഡ് ഡെപ്പോസിറ്റ് സ്കീം?
ഗവണ്മെന്റിന്റെയോ ഗവണ്മെന്റ് ഏജൻസിയുടേയോ നിയന്ത്രണത്തിലല്ലാതെ, പ്രത്യേക സ്കീം പ്രകാരമോ അല്ലാതെയോ നിക്ഷേപങ്ങൾ സ്വീകരിക്കുന്ന ബിസിനസാണ് അണ് റെഗുലേറ്റഡ് ഡെപ്പോസിറ്റ് സ്കീം എന്നറിയപ്പെടുന്നത്. അതായതു ഗവണ്മെന്റിന്റെയോ ഗവണ്മെന്റ് ഏജൻസിയുടെയോ നിയന്ത്രണത്തിൽ അല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കു മാത്രമേ നിരോധനം ഉണ്ടാകുന്നുള്ളൂ.
ഡെപ്പോസിറ്റിന്റെ നിർവചനത്തിൽ ഉൾപ്പെട്ടിട്ടില്ലാത്തവ
1) കോ-ഓപ്പറേറ്റീവ് ബാങ്ക് ഉൾപ്പെടെയുള്ള ബാങ്കിംഗ് സ്ഥാപനങ്ങളിൽനിന്നു സ്വീകരിക്കുന്ന പണം.
2) പബ്ലിക് ഫിനാൻഷൽ കോർപറേഷനിൽനിന്നും നോണ്‍ ബാങ്കിംഗ് ഫിനാൻഷൽ കന്പനികളിൽനിന്നും സ്വീകരിക്കുന്ന തുകകൾ
3) ഗവണ്മെന്റിന്റെ പക്കൽനിന്നു ലഭിക്കുന്ന പണവും
ഗവണ്മെന്റ് ഗ്യാരന്റി നൽകുന്ന തുകകളും.
4) ഫോറിൻ ബാങ്കുകളിൽനിന്നും ഇന്റർനാഷണൽ ബാങ്കുകളിൽ നിന്നും സ്ഥാപനങ്ങളിൽനിന്നും വിദേശികളിൽനിന്നും വിദേശ കന്പനികളിൽ നിന്നും നിയമാനുസൃതമായി സ്വീകരിക്കുന്ന തുകകൾ.
5) പങ്കു വ്യാപാരസ്ഥാപനങ്ങളിലും ലിമിറ്റഡ് ലയബിലിറ്റി പാർട്ണർഷിപ്പുകളിലും പാർട്ണർമാർ നിക്ഷേപിക്കുന്ന മുതൽ മുടക്കുകൾ.
6) വ്യക്തികൾ സ്നേഹിതരിൽനിന്നും ബന്ധുക്കളിൽനിന്നും സ്വീകരിക്കുന്ന തുകകൾ.
7) ബിസിനസിൽ നടക്കുന്ന ക്രെഡിറ്റ് ഇടപാടുകൾ.
8) സർഫാസി ആക്ടിന്റെ കീഴിൽ വരുന്ന അസറ്റ് റീകണ്‍സ്ട്രക്ഷൻ കന്പനികളിൽ സ്വീകരിക്കപ്പെടുന്ന തുകകൾ.
9) രാഷ്ട്രീയപാർട്ടികൾക്കു ലഭിക്കുന്ന തുകകൾ.
10) സെൽഫ് ഹെൽപ്പ് ഗ്രൂപ്പുകൾ ഗവണ്മെന്റ് അംഗീകാരത്തോടുകൂടി നിയമപരമായി സ്വീകരിക്കുന്ന തുകകൾ.
അംഗീകാരം ഇല്ലാതെ നടത്തപ്പെടുന്ന ചിട്ടി ബിസിനസുകൾ ഈ നിയമത്തിനു കീഴിൽ വരും. ക്രമരഹിതമായി സ്വീകരിക്കുന്ന പ്രസ്തുത നിക്ഷേപങ്ങൾക്കു വേണ്ടി പരസ്യം ചെയ്യുന്നതും ക്യാൻവാസ് ചെയ്യുന്നതും വിജ്ഞാപന പ്രകാരം നിരോധനം ഉള്ളതാണ്. നിയമപ്രകാരം സ്വീകരിച്ച നിക്ഷേപങ്ങൾ ആണെങ്കിലും അവയുടെ തിരിച്ചടവിൽ വീഴ്ച വരുത്തിയാൽ കുറ്റകരമാണ്.
ശിക്ഷാനടപടികൾ
ക്രമരഹിതമായി നിക്ഷേപം സ്വീകരിക്കുന്നതിനുവേണ്ടി പരസ്യം ചെയ്യുകയോ പ്രേരിപ്പിക്കുകയോ ചെയ്യുന്നവർ അഞ്ചു വർഷത്തിൽ കൂടാതെയോ ഒരു വർഷത്തിൽ കുറയാതെയോ ഉള്ള തടവുശിക്ഷയ്ക്ക് അർഹരാണ്. ഇതു കൂടാതെ രണ്ടു ലക്ഷം രൂപയിൽ കുറയാത്തതും 10 ലക്ഷം രൂപവരെയുള്ളതുമായ പിഴയും തടവിനോടൊപ്പമോ പ്രത്യേകമായോ കിട്ടാനും സാധ്യതയുണ്ട്.
എന്നാൽ, പ്രസ്തുത വ്യക്തി/സ്ഥാപനം നിയമവിരുദ്ധമായി നിക്ഷേപം സ്വീകരിച്ചാൽ രണ്ടു വർഷത്തിൽ കുറയാത്തതും ഏഴു വർഷം വരെ ദീർഘിക്കുന്നതുമായ തടവുശിക്ഷയും മൂന്നു ലക്ഷം രൂപയിൽ കുറയാത്തതും 10 ലക്ഷം രൂപവരെ വർധിപ്പിക്കാവുന്നതുമായ പിഴയും അനുഭവിക്കേണ്ടതായി വരും.
കൂടാതെ നിയമവിരുദ്ധമായ നിക്ഷേപങ്ങൾ സ്വീകരിച്ചതിനു ശേഷം അവ മടക്കി നല്‍കാതെ ഇരുന്നാൽ 10 വർഷത്തിൽ കൂടാതെയുള്ളതും മൂന്നു വർഷത്തിൽ കുറയാതെ ഉള്ളതുമായ തടവുശിക്ഷയ്ക്കും ഒപ്പം അഞ്ചു ലക്ഷം രൂപയുടേതോ നിക്ഷേപതുകയുടെ ഇരട്ടി വരുന്നതോആയ തുകയുടെ പിഴയ്ക്കും അർഹനാണ്.
ചെറുകിട ബിസിനസുകൾക്ക് ബാധകമല്ല
ബന്ധുക്കളുടെയും സ്നേഹിതരുടെയും പക്കൽനിന്ന് വിവാഹ ആവശ്യത്തിനോ ആശുപത്രി ആവശ്യങ്ങൾക്കു വേണ്ടിയോ ബിസിനസ് ആവശ്യങ്ങൾക്കോ വ്യക്തിപരമായ ആവശ്യങ്ങൾക്കോ വാങ്ങിക്കുന്ന തുകകൾ ഈ വിജ്ഞാപനത്തിന്റെ പരിധിയിൽ വരില്ല.
ചെറുകിട ബിസിനസുകൾ, പങ്കുവ്യാപാരസ്ഥാപനങ്ങൾ, മുതലായവ ബന്ധുക്കളല്ലാത്തവരുടെ പക്കൽനിന്നു ബിസിനസ് ആവശ്യങ്ങൾക്കായി സ്വീകരിക്കുന്ന പണവും ഈ വിജ്ഞാപനത്തിൽ ഉൾപ്പെടില്ല. പ്രത്യേകമായി ‘നിക്ഷേപങ്ങൾ സ്വീകരിക്കുന്ന ബിസിനസുകൾ’ക്കാണ് ഈ നിയമം ബാധകമാകുന്നത്.
ക്രമരഹിതമായി സ്വീകരിക്കുന്ന നിക്ഷേപങ്ങളുടെ ബിസിനസിനു നിയന്ത്രണം
12:09 AM Nov 30, 2020 | Deepika.com