കൊച്ചി: അന്താരാഷ്ട്ര വിലയിലുള്‍പ്പെടെ റിക്കാര്‍ഡിട്ടു മുന്നേറിയ സ്വര്‍ണവിലയില്‍ കഴിഞ്ഞ 110 ദിവസത്തിനിടെയുണ്ടായതു പവന് 5,520 രൂപയുടെ ഇടിവ്. ഏതു വിലനിലവാരത്തിലും സ്വര്‍ണം വാങ്ങലും വില്‍ക്കലും തുടരുകയായിരുന്നുവെങ്കിലും നിലവില്‍ വന്‍കിട നിക്ഷേപകര്‍ വിട്ടുനില്‍ക്കുകയാണ്.
സാമ്പത്തിക, രാഷ്ട്രീയ അനിശ്ചിതത്വത്തിനിടയില്‍ വരും ദിവസങ്ങളിലും ഇടിവ് തുടരാനുള്ള സാധ്യതയാണു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ നാലു മാസമായി വിപണിയില്‍ സ്വര്‍ണവില ചാഞ്ചാട്ടത്തിന്റെ പാതയിലാണ്. കഴിഞ്ഞ ഓഗസ്റ്റ് ഏഴിന് ഗ്രാമിന് 5,250 രൂപയും പവന് 42,000 രൂപയും രേഖപ്പെടുത്തിയതാണ് ഇതുവരെയുള്ള റിക്കാര്‍ഡ് വില. അന്താരാഷ്ട്ര വില എക്കാലത്തെയും ഉയര്‍ന്ന നിലവാരമായ 2,080 ഡോളറിലെത്തിയതോടെയാണു സംസ്ഥാനത്തും റിക്കാര്‍ഡ് കുതിപ്പുണ്ടായത്.
എന്നാല്‍, മൂന്ന് ദിവസത്തിനകം 220 ഡോളര്‍വരെ ഇടിഞ്ഞ സ്വര്‍ണം പിന്നീട് ഏറിയും കുറഞ്ഞും തുടരുകയാണ്. അമേരിക്കന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ചകളില്‍ അന്താരാഷ്ട്ര വില 1,980 ഡോളര്‍ വരെ എത്തിയിരുന്നെങ്കിലും യുഎസില്‍ അനിശ്ചിതത്വങ്ങള്‍ ഏകദേശം മാറുകയും കോവിഡ് വാക്സിന് വിവരങ്ങള്‍ പുറത്തു വരികയും ചെയ്തതോടെ ഒറ്റ ദിവസം തന്നെ 100 ഡോളര്‍ ഇടിഞ്ഞിരുന്നു. ദീപാവലി സമയത്തും വില ഉയര്‍ന്നെങ്കിലും വീണ്ടും ഇടിഞ്ഞു 1,800 ഡോളറിലേക്കു താഴ്ന്നിരിക്കുകയാണ്. അമേരിക്കയില്‍ സമാധാനപരമായ അധികാര കൈമാറ്റ വാര്‍ത്തകളും സ്വര്‍ണ വില ഇടിയാന്‍ കാരണമായി.
വില കുറയുകയാണെങ്കിലും സംസ്ഥാനത്ത് വില്പന വര്‍ധിക്കുന്നില്ലെന്ന് ഓള് കേരള ഗോര്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് സംസ്ഥാന ട്രഷറര്‍ അഡ്വ. എസ്. അബ്ദുല്‍ നാസര്‍ വ്യക്തമാക്കി. വീണ്ടും വിലയിടിയുമോയെന്ന ആശങ്കയാണു സ്വര്‍ണം വാങ്ങുന്നതില്‍നിന്ന് ഉപഭോക്താക്കളെ പിന്തിരിപ്പിക്കുന്നത്. എന്നാല്‍, അഡ്വാന്‍സ് ബുക്കിംഗ് വര്‍ധിക്കുന്നതായും അദ്ദേഹം പറയുന്നു.
സ്വര്‍ണത്തിന്റെ വില സംബന്ധിച്ച് 2021 ആദ്യപാദം വരെ അനിശ്ചിതത്വം തുടരുമെന്ന പ്രവചനങ്ങളാണു പുറത്തുവരുന്നത്.
ഈ വര്‍ഷം അവസാനിക്കുന്നതിനുമുമ്പ് സ്വര്‍ണവില സ്ഥിരത കൈവരിക്കാന്‍ പ്രയാസവും ചാഞ്ചാട്ടം തുടരാനുമാണു സാധ്യത. രൂപയുടെ വിനിമയ നിരക്ക് 74 രൂപയിലാണ്. തങ്കക്കട്ടികളുടെ ബാങ്ക് നിരക്കാകട്ടെ കിലോഗ്രാമിന് 49.5 ലക്ഷം രൂപയ്ക്കടുത്തേക്കു താഴ്ന്നിട്ടുണ്ട്.
രണ്ടു ദിവസത്തിനിടെ പവന് 1,200 രൂപ കുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഇടിഞ്ഞു. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് ഇന്നലെ കുറഞ്ഞത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 4,560 രൂപയും പവന് 36,480 രൂപയുമായി. കഴിഞ്ഞ ദിവസത്തേതിനു പിന്നാലെയാണ് ഇന്നലെയും വിലയിടിഞ്ഞത്. കഴിഞ്ഞ ദിവസം ഗ്രാമിന് 90 രൂപയും പവന് 720 രൂപയും കുറഞ്ഞിരുന്നു.
റോബിന് ജോര്‍ജ്
റിക്കാര്‍ഡ് നേട്ടത്തില്‍നിന്ന് ചാഞ്ചാട്ടം; 110 ദിവസത്തിനിടെ പവന് 5,520 രൂപ കുറഞ്ഞു
09:12 PM Nov 25, 2020 | Deepika.com