ബെയ്ജിംഗ്/വാങ്ചെംഗ്: ചന്ദ്രനിൽനിന്നുള്ള വസ്തുക്കൾ തിരികെ ഭൂമിയിൽ എത്തിക്കാനുള്ള ചൈനയുടെ ചാന്ദ്രദൗത്യ പേടകം ചാംഗ് ഇ-5 ഇന്നലെ രാവിലെ വിജയകരമായി വിക്ഷേപിച്ചു. ചൈനീസ് ചാന്ദ്ര ദേവതയുടെ പേരാണ് പേടകത്തിന് നൽകിയിരിക്കുന്നത്.
വാങ്ചെംഗ് സ്പേസ്ക്രാഫ്റ്റ് ലേഞ്ച് സൈറ്റിൽനിന്ന് ചൈനീസ് സമയം പുലർച്ചെ 4.30നാണു വിക്ഷേപണം നടത്തിയത്. ചന്ദ്രനിൽനിന്ന് സാന്പിളുകൾ ഭൂമിയിൽ എത്തിക്കുന്ന ചൈനയുടെ ആദ്യ ദൗത്യമാണ്. അമേരിക്ക മനുഷ്യരെ ചന്ദ്രനിലെത്തിച്ച് സാന്പിളുകൾ തിരികെ ഭൂമിയിൽ എത്തിച്ചിട്ടുണ്ട്.
സാന്പിളുകൾ ഭൂമിയിൽ എത്തിക്കുന്ന ആളില്ലാ ദൗത്യം സോവ്യറ്റ് യൂണിയനും മുന്പ് നടത്തിയിട്ടുണ്ട്. 40 വർഷത്തിനുശേഷമാണു മറ്റൊരു ലോകരാജ്യം ഈ ദൗത്യത്തിൽ ഏർപ്പെടുന്നത്.
ചന്ദ്രനിലിറങ്ങുന്ന ചാംഗ് ഇ ഏകദേശം ഏഴ് അടി താഴ്ചയിൽ കുഴിച്ച് പാറക്കല്ലുകളും മണ്ണും ശേഖരിക്കും.
ചന്ദ്രനിൽനിന്നു മണ്ണ്; ചൈനയുടെ പേടകം വിക്ഷേപിച്ചു
11:06 PM Nov 24, 2020 | Deepika.com