നെടുമ്പാശേരി: അത്യാധുനിക താപനിയന്ത്രണ സംവിധാനമുള്ള കണ്ടെയ്നർ ഉപയോഗിച്ച് ഇതാദ്യമായി കേരളത്തിൽനിന്ന് അമേരിക്കയിലേക്ക് ചെമ്മീൻ കയറ്റുമതി ചെയ്തു. ചോയ്സ് ഗ്രൂപ്പിനുവേണ്ടി സിയാൽ കാർഗോ വിഭാഗമാണ് യാത്രയിലുടനീളം മൈനസ് 20 ഡിഗ്രിയിൽ ഊഷ്മാവ് നിയന്ത്രിച്ചുനിർത്താൻ സൗകര്യമുള്ള കണ്ടെയ്നറുകളിൽ കയറ്റുമതി കൈകാര്യം ചെയ്തത്.
കൊച്ചിയിൽനിന്ന് ന്യൂയോർക്കിലേക്കായിരുന്നു കയറ്റുമതി. കോവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ കയറ്റുമതിയിലുണ്ടാകുന്ന സമയനഷ്ടം പരിഹരിക്കാനാണ് ചോയ്സ് ഗ്രൂപ്പിന്റെ ചോയ്സ് കാനിംഗ് കമ്പനി ഈ മാർഗം അവലംബിച്ചത്. സാധാരണയായി മരുന്നുകളും മറ്റുമാണ് ഇത്തരം കണ്ടെയ്നറുകളിൽ കയറ്റി അയക്കുന്നത്. ഇതാദ്യമായാണ് കേരളത്തിലെ ഒരു വിമാനത്താവളത്തിൽ നിന്ന് ഭക്ഷ്യവസ്തു ഇത്തരം കണ്ടെയ്നറുകളിൽ കയറ്റി അയക്കുന്നത്.
കൊച്ചി വിമാനത്താവളത്തിൽനിന്ന് ന്യൂയോർക്കിലെ ജെഎഫ്കെ വിമാനത്താവളത്തിലേക്ക് ഒരുദിവസത്തോളം നീളുന്ന യാത്രാസമയം മുഴുവനും കണ്ടെയ്നറിനുള്ളിലെ തണുപ്പ് മൈനസ് 20 ഡിഗ്രിയിൽ നിലനിർത്തണം. 900 കിലോ ഗ്രാം ഡ്രൈ ഐസ് ആണ് കൂളിംഗ് ഏജന്റായി ഉപയോഗിക്കുന്നത്. താപനിയന്ത്രണ സംവിധാനമുള്ള കണ്ടെയ്നർ ഡ്രൈ ഐസിന്റെ സഹായത്തോടെയാണ് നിശ്ചിത ഊഷ്മാവ് ദീർഘനേരം നിലനിർത്തുന്നത്. ആദ്യഘട്ടമായി ഒരു ടൺ പാചകം ചെയ്ത ചെമ്മീനാണ് ഇപ്രകാരം കയറ്റി അയച്ചത്. ഇതിൽ പ്രത്യേക പരിശീലനമുള്ള കോൺകോർഡ് ഏജൻസിയുടെ സഹായത്തോടെ എമിറേറ്റസ് സ്കൈ കാർഗോയാണ് തുടർപ്രവർത്തനങ്ങൾ കൈകാര്യം ചെയ്തത്.
750 പെട്ടികളിലടച്ച ചെമ്മീനുള്ള കണ്ടെയ്നറുമായി എമിറേറ്റസ് വിമാനം ഞായറാഴ്ച പുലർച്ചെ കൊച്ചിയിൽനിന്ന് പുറപ്പെട്ടു. ഇനിയും ഇത്തരം മൂന്നു കണ്ടെയ്നറുകൾ കൂടി ഉണ്ടാകുമെന്ന് ചോയ്സ് ഗ്രൂപ്പ് അറിയിച്ചു.
താപനിയന്ത്രണ സംവിധാനമുള്ള കണ്ടെയ്നറിൽ ചെമ്മീൻ കയറ്റുമതി
12:13 AM Nov 16, 2020 | Deepika.com