മുംബൈ: ആളോഹരി ജിഡിപി (പെർ കാപ്പിറ്റ ജിഡിപി) നിരക്കിൽ ഇന്ത്യയെ, അയൽരാജ്യമായ ബംഗ്ലാദേശ് മറികടക്കുമെന്ന് അന്താരാഷ്ട്ര നാണ്യനിധി(ഐഎംഎഫ്).
നടപ്പുവർഷത്തിൽ (2020) ബംഗ്ലാദേശിന്റെ ആളോഹരി ജിഡിപി നാലു ശതമാനം വളർന്ന് 1888 ഡോളറാകുമെന്നും ഇന്ത്യയുടെ ആളോഹരി ജിഡിപി 10.5 ശതമാനം താണ് 1877 ഡോളർ ആകുമെന്നുമാണ് ഐഎംഎഫിന്റെ വേൾഡ് ഇക്കണോമിക് ഒൗട്ട് ലുക്ക് റിപ്പോർട്ടിലെ വിലയിരുത്തൽ. ഇത് യാഥാർഥ്യമായാൽ ആളോഹരി ജിഡിപി നിരക്കിന്റെ അടിസ്ഥാനത്തിൽ ദക്ഷിണേഷ്യയിലെ മൂന്നാമത്തെ ദരിദ്ര രാജ്യമായി ഇന്ത്യ മാറും. മാത്രമല്ല ബംഗ്ലാദേശ്, ഭൂട്ടാൻ, ശ്രീലങ്ക, മാലദ്വീപ് എന്നീ രാജ്യങ്ങൾ ഇന്ത്യയെ മറികടക്കുകയും ചെയ്യും.
അതേസമയം 2021ൽ ഇന്ത്യയുടെ ആളോഹരി ജിഡിപി 8.2 ശതമാനം വളർന്ന് ബംഗ്ലാദേശിനെ പിന്നിലാക്കുമെന്നാണ് ഐഎംഎഫ് പറയുന്നത്. 2021ൽ ഇന്ത്യയുടെ ആളോഹരി ജിഡിപി 2030 ഡോളർ ആകുമെന്നും ബംഗ്ലാദേശിന്റേത് 1990 ഡോളറാകുമെന്നുമാണ് അന്താരാഷ്ട്ര നാണ്യനിധിയുടെ കണക്കുകൂട്ടൽ.
അഞ്ച് വർഷം മുന്പ് വരെ ഇന്ത്യയുടെ ആളോഹരി ജിഡിപി ബംഗ്ലാദേശിനേക്കാൾ 40 ശതമാനത്തോളം കൂടിയ നിലയിലായിരുന്നു. എന്നാൽ കഴിഞ്ഞ അഞ്ചു വർഷങ്ങളിൽ ബംഗ്ലാദേശിന്റെ ആളോഹരി ജിഡിപി 9.1 ശതമാനം വളർന്നതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള അന്തരം കുറയുകയായിരുന്നു.
ഇക്കാലയളവിൽ ഇന്ത്യയുടെ ആളോഹരി ജിഡിപി 3.2 ശതമാനം മാത്രമാണ് വളർന്നത്. കയറ്റുമതി കുതിച്ചുയർന്നതും കൂടുതൽ നിക്ഷേപങ്ങളെത്തിയതുമാണ് ബംഗ്ലാദേശിന് നേട്ടമായതെന്നു സാന്പത്തിക വിദഗ്ധർ പറയുന്നു. ഇന്ത്യയാകട്ടെ കയറ്റുമതിയിലുംമറ്റും പിന്നോട്ടു പോയെന്നും വിദഗ്ധർ വിലയിരുത്തുന്നു.
കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന ഇന്ത്യയുടെ സന്പദ്വ്യവസ്ഥ(ജിഡിപി) ഈവർഷം 10.3 ശതമാനം ചുരുങ്ങുമെന്ന് ഐഎംഎഫ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ആഗോള സന്പദ്വ്യവസ്ഥ 4.4 ശതമാനം ചുരുങ്ങും.അമേരിക്കൻ ജിഡിപി ഈ വർഷം 5.8 ശതമാനം താഴും. എന്നാൽ അടുത്തവർഷം 3.9 ശതമാനം വർധനയാകും യുഎസ് ജിഡിപിയിലുണ്ടാവുകയെന്നും ഐഎംഎഫ് റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യയുടെ പൊതുകടം 90 ശതമാനത്തിലേക്ക്
വാഷിംഗ്ടണ്: ഇന്ത്യയുടെ പൊതുകടം ജിഡിപിയുടെ (മൊത്ത ആഭ്യന്തര ഉത്പാദനം ) 90 ശതമാനമായി പെരുകുമെന്ന് അന്താരാഷ്ട്ര നാണ്യ നിധിയുടെ വിലയിരുത്തൽ(ഐഎംഎഫ്). 1991 മുതൽ ജിഡിപിയുടെ 70 ശതമാനമെന്ന നിരക്കിൽ സ്ഥിരതയാർജിച്ചിരുന്ന ഇന്ത്യയുടെ പൊതുകട അനുപാതം 17 ശതമാനം ഉയരുമെന്നാണ് ഐഎംഎഫ് കണക്കുകൂട്ടുന്നത്.
കോവിഡ് പ്രതിസന്ധി നേരിടാൻ കൂടുതൽ പണം ചെലിവിടേണ്ടിവരുന്നതും നികുതി വരുമാനം കുത്തനെ കുറയുന്നതുമാണ് ഇന്ത്യയുടെ പൊതുകടം പെരുകാൻ കാരണമെന്ന് ഐഎംഎഫ് ധനകാര്യ വിഭാഗം ഡയറക്ടർ വിതോർ ഗാസ്പർ പറഞ്ഞു.
ആളോഹരി ജിഡിപി: ഇന്ത്യയെ മറികടക്കുമോ ബംഗ്ലാദേശ്?
11:09 PM Oct 14, 2020 | Deepika.com