കുവൈറ്റ്സിറ്റി: ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ സബാ കുവൈറ്റിന്റെ ഭരണാധികാരിയായി സത്യപ്രതിജ്ഞ ചെയ്തു. അസുഖം മൂലം കഴിഞ്ഞദിവസം യുഎസിൽ അന്തരിച്ച അമീർ സാബാ അൽ അഹമ്മദ് സാബായുടെ അർധസഹോദരനാണ്. എൺപത്തിമൂന്നുകാരനായ ഷെയ്ഖ് നവാഫ്, തന്റെ മുൻ ഗാമിയുടെ നയങ്ങൾ തന്നെ പിന്തുടരുമെന്നു പ്രതീക്ഷിക്കപ്പെടുന്നു.
ഇതിനിടെ, ഇന്നലെ ഷെയ്ഖ് സാബായുടെ മൃതദേഹം യുഎസിൽനിന്ന് കുവൈറ്റിലെത്തിച്ചു. കൊറോണയുടെ പശ്ചാത്തലത്തിൽ സംസ്കാരച്ചടങ്ങുകൾ ചുരുക്കി. ബന്ധുക്കൾ മാത്രമേ പങ്കെടുക്കൂ. രാജ്യത്ത് 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇന്നലെ പാർലമെന്റ് സമ്മേളനത്തിനിടെയാണ് ഷെയ്ഖ് നവാഫ് അധികാരമേറ്റത്. മുന്പ് പല കാലങ്ങളിലായി ആഭ്യന്തര, പ്രതിരോധ, തൊഴിലാളി, സാമൂഹ്യക്ഷേമ വകുപ്പു മന്ത്രിപദങ്ങൾ വഹിച്ചിട്ടുണ്ട്. വിദ്യാഭ്യാസം കുവൈറ്റിൽത്തന്നെയായിരുന്നു.
2006ൽ ഷെയ്ഖ് സാബാ അധികാരമേറ്റതോടെയാണ് കിരീടാവകാശിയായി തെരഞ്ഞെടുക്കപ്പെട്ടത്.
ഷെയ്ഖ് നവാഫ് കുവൈറ്റ് അമീർ
11:39 PM Sep 30, 2020 | Deepika.com