തൃശൂർ: സൗത്ത് ഇന്ത്യൻ ബാങ്കിന്റെ പുതിയ മാനേജിംഗ് ഡയറക്ടറും സിഇഒയുമായി മുരളി രാമകൃഷ്ണൻ നാളെ ചുമതലയേൽക്കും. മൂന്നു മാസമായി ബാങ്കിൽ അഡ്വൈസറായി പ്രവർത്തിക്കുന്ന മുരളി രാമകൃഷ്ണന്റെ നിയമനം ഒരു മാസം മുമ്പാണ് റിസർവ് ബാങ്ക് അംഗീകരിച്ചത്.
ആറുവർഷം ബാങ്കിനെ നയിച്ച വി.ജി മാത്യു ഇന്നു വിരമിക്കും. ബാങ്കിന്റെ മൊത്തം ബിസിനസ് 83,000 കോടി രൂപയിൽനിന്ന് 1.48 ലക്ഷം കോടി രൂപയിലേക്ക് ഇരട്ടിയോളമാക്കിയാണ് വി.ജി. മാത്യു വിരമിക്കുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ജനറൽ മാനേജരായിരുന്ന വി.ജി. മാത്യു 2014 ലാണ് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സാരഥ്യം ഏറ്റെടുത്തത്. എസ്ബിഐയിൽ കോർപറേറ്റ് വായ്പകളുടെ ചുമതലയാണ് കൈകാര്യം ചെയ്തിരുന്നതെങ്കിൽ സൗത്ത് ഇന്ത്യൻ ബാങ്കിൽ റീട്ടെയിൽ വായ്പകളിൽ ഉൗന്നിയാണ് ബിസിനസ് വളർത്തിയത്.
ഐസിഐസിഐ ബാങ്കിന്റെ സീനിയർ ജനറൽ മാനേജരായിരിക്കേയാണ് മുരളി രാമകൃഷ്ണനെ സൗത്ത് ഇന്ത്യൻ ബാങ്ക് മേധാവിയായി നിയമിച്ചത്. ഇതാദ്യമായാണ് സ്വകാര്യ ബാങ്ക് മേധാവി സൗത്ത് ഇന്ത്യൻ ബാങ്ക് മേധാവിയായി എത്തുന്നത്. ഐസിഐസിഐ ബാങ്കിന്റെ സ്ട്രാറ്റജിക് പ്രൊജക്ട് ഗ്രൂപ്പിലെ പ്രധാനിയായിരുന്നു മുരളി രാമകൃഷ്ണൻ. ഹോങ്കോംഗിൽ ഐസിഐസിഐ ബാങ്കിന്റെ ചീഫ് എക്സിക്യൂട്ടീവായും വടക്കൻ ഏഷ്യ, ശ്രീലങ്ക, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക എന്നീ മേഖലകളുടെ മേധാവിയായും പ്രവർത്തിച്ചിട്ടുണ്ട്.
കെമിക്കൽ എൻജിനിയറിംഗ് ബിരുദധാരിയാണ്. ഐഐഎം ബംഗളൂരുവിൽനിന്നു ഫിനാൻസ് ആൻഡ് മാർക്കറ്റിംഗിൽ ബിരുദാനന്തര ഡിപ്ലോമ നേടിയിട്ടുണ്ട്.
മുരളി രാമകൃഷ്ണൻ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ പുതിയ മാനേജിംഗ് ഡയറക്ടർ: വി.ജി മാത്യു ഇന്നു വിരമിക്കും
12:23 AM Sep 30, 2020 | Deepika.com