മുംബൈ: ജിയോ പ്ലാറ്റ്ഫോംസിനു പിന്നാലെ റിലയൻസിന്റെ റീട്ടെയ്ൽ വിഭാഗത്തിലും വിദേശ നിക്ഷേപ പെരുമഴ. ആഗോള നിക്ഷേപ സ്ഥാപനമായ കെകെആർ, റിലയൻസ് റീട്ടെയ്ൽ വെഞ്ച്വേഴ്സ് ലിമിറ്റഡിൽ (ആർആർവിഎൽ) 5,550 കോടി രൂപ നിക്ഷേപിക്കും. ഇതോടെ ആർആർവിഎലിന്റെ 1.28 ശതമാനം ഓഹരികൾ കെകെആറിനു സ്വന്തമാകും. റിലയൻസ് റീട്ടെയ്ലിന് 4.21 ലക്ഷം കോടി രൂപ മൂല്യം കണക്കാക്കിയുള്ള ഇടപാടാണിത്.
കെകെആറിന്റെ നിക്ഷേപം റിലയൻസ് റീട്ടെയ്ൽ വെഞ്ച്വേഴ്സിന്റെ വളർച്ചയിൽ നിർണായകമാകുമെന്ന് റിലയൻസ് മേധാവി മുകേഷ് അംബാനി പറഞ്ഞു. അമേരിക്കൻ കന്പനിയായ സിൽവർ ലേക്ക് ആണ് റിലയൻസ് റീട്ടെയ്ലിലെ നിക്ഷേപത്തിന് തുടക്കമിട്ടത്.
ആർആർവിഎലിന്റെ 1.75 ശതമാനം ഓഹരികൾക്കായി 7500 കോടി രൂപയാണ് സിൽവർലേക്ക് മുടക്കിയത്. ഇതിനൊപ്പം കെകെആറിന്റെ നിക്ഷേപം കൂടിയെത്തിയതോടെ 13,050 കോടി രൂപയാണ് രണ്ടാഴ്ചയ്ക്കുള്ളിൽ റിലയൻസിന്റെ പണപ്പെട്ടിയിലെത്തിയത്. ഈ വർഷമാദ്യം കെകെആർ, റിലയൻസിന്റെ ജിയോ പ്ലാറ്റ്ഫോംസിലും 11,367 കോടി രൂപയുടെ നിക്ഷേപം നടത്തിയിരുന്നു.
ആർആർവിഎലിന്റെ 15 ശതമാനം ഓഹരികൾ വിറ്റ് 63,000 കോടി രൂപ സമാഹരിക്കാനാണ് അംബാനിയുടെ പദ്ധതി. സൗദി അറേബ്യയുടെ പബ്ലിക് ഇൻവസ്റ്റ്മെന്റ് ഫേം, അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന മുബാദല, അബുദാബി ഇൻവസ്റ്റ്മെന്റ് അഥോറിറ്റി തുടങ്ങിയ കന്പനികളും ആർആർവിഎലിൽ നിക്ഷേപം നടത്താൻ താത്പര്യം പ്രകടിപ്പിച്ചതായാണ് വിവരം. ജിയോ മാർട്ട്, സൂപ്പർ മാർക്കറ്റ് ശൃംഖലകൾ, കണ്‍സ്യൂമർ ഇലക്ട്രോണിക് സ്റ്റോറുകൾ തുടങ്ങിയവ ഉൾപ്പെടുന്നതാണ് റിലയൻസിന്റെ റീട്ടെയ്ൽ സാമ്രാജ്യം. അടുത്തിടെ ഫ്യൂച്ചർ ഗ്രൂപ്പിന്റെ റീട്ടെയ്ൽ ബിസിനസും റിലയൻസ് റീട്ടെയ്ൽ വെഞ്ച്വേഴ്സ് സ്വന്തമാക്കിയിരുന്നു.
റിലയൻസിൽ കെകെആർ 5550 കോടി നിക്ഷേപിക്കും
01:30 AM Sep 24, 2020 | Deepika.com