ലോകമെന്പാടുമുള്ള വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് ഭീഷണിയായി ടെക്സ്റ്റ് ബോംബ്. വാട്സ്ആപ്പും ഫോണും പ്രവർത്തനരഹിതമാക്കുന്ന കോഡുകളാണ് ടെക്സ്റ്റ് ബോംബ് എന്ന പേരിൽ കുപ്രസിദ്ധി നേടുന്നത്. വാട്സ്ആപ്പ് മെസേജുകളായാണ് ഇവ ഫോണുകളിലെത്തുന്നത്. പ്രത്യേകിച്ച് അർഥമൊന്നുമില്ലാത്ത നിരവധി അക്ഷരങ്ങളും രൂപങ്ങളുമാണു ടെക്സ്റ്റ് ബോംബിലുള്ളത്. ഇവ തുറക്കുന്നതോടെ ഫോണ്‍ നിശ്ചലമാകുന്നു. റീസ്റ്റാർട്ട് ചെയ്തോ ഷട്ട് ഡൗണ്‍ ചെയ്തോ പ്രശ്നം പരിഹരിക്കാമെന്നുവച്ചാലും സാധിക്കണമെന്നില്ല. ഫോണിലെ വിവരങ്ങൾ കൈക്കലാക്കാനും ഹാക്കർമാർ ടെക്സ്റ്റ് ബോംബുകൾ ഉപയോഗിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.
അതേസമയം, ടെക്സ്റ്റ് ബോംബ് ആക്രമണം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇതിനു തടയിടാനുള്ള വാട്സ്ആപ്പ് അപ്ഡേഷൻ പ്ലേ സ്റ്റോറിൽ ലഭ്യമാണെന്നും വാട്സ്ആപ്പ് വക്താവ് അറിയിച്ചു. ടെക്സ്റ്റ് ബോംബിന്റെ ഉറവിടം ബ്രസീലാണെന്നാണു കണ്ടെത്തൽ. കഴിഞ്ഞ മാസം പകുതിയോടെ ബ്രസീലിൽ പ്രത്യക്ഷപ്പെട്ട ടെക്സ്റ്റ് ബോബുകൾ മറ്റു രാജ്യങ്ങളിലേക്കും പ്രചരിക്കുകയായിരുന്നു.
മുൻകരുതലുകൾ
വാട്സ്ആപ്പ് സമയാസമയങ്ങളിൽ അപ്ഡേറ്റ് ചെയ്യുകയാണ് ഏറ്റവും മികച്ച പ്രതിരോധമാർഗം. പുത്തൻ ഫീച്ചറുകൾക്കു പുറമേ സൈബർ ആക്രമണങ്ങൾ പ്രതിരോധിക്കുന്നതിനുള്ള ക്രമീകരണങ്ങളുമായാണ് അപ്ഡേഷനുകൾ എത്തുന്നത്. അപരിചിത സ്രോതസുകളിൽനിന്നു വരുന്ന മെസേജുകൾ ഒഴിവാക്കുകയാണ് മറ്റൊരു മുൻകരുതൽ മാർഗം. അപരിചിതരായവർ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ചേർക്കുന്ന സാഹചര്യവും ഒഴിവാക്കണം. വാട്സ്ആപ്പിലെ പ്രൈവസി സെറ്റിംഗ്സിൽ, ഗ്രൂപ്പ് “മൈ കോണ്ടാക്ട്’’ എന്നാക്കിയാൽ ഇതു സാധ്യമാണ്.
സൂക്ഷിച്ചില്ലേൽ പണികിട്ടും; വാട്സ്ആപ്പിൽ ടെക്സ്റ്റ് ബോംബ്!
11:15 PM Sep 09, 2020 | Deepika.com