കൊച്ചി: പ്രമുഖ സുഗന്ധവ്യഞ്ജന ഭക്ഷ്യോത്പന്ന വിപണന കമ്പനിയായ ഈസ്റ്റേണ്‍ ഗ്രൂപ്പിനെ നോര്‍വീജിയന്‍ കമ്പനിയായ ഓര്ക്ല ഫുഡ്സ് ഏറ്റെടുക്കുന്നു. ഈസ്റ്റേണ്‍ ഗ്രൂപ്പിന്റെ 67.8 ശതമാനം ഷെയറുകളാണ് ഓര്‍ക് ല സ്വന്തമാക്കുന്നത്. ഓര്‍ക് ലയുടെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഇന്ത്യന്‍ കമ്പനിയായ എംടിആര്‍ ഫുഡ്സ് വഴിയാണ് ഇടപാട് നടക്കുന്നത്. 1,356 കോടി രൂപ ഓര്ക്ല നല്‍കും. ഓഹരികള്‍ വാങ്ങിയശേഷം, മീരാന്‍ സഹോദരന്മാരുടെ കൈവശം ബാക്കിയുള്ള ഈസ്റ്റേണ്‍ ഓഹരികള്‍ക്ക് പകരമായി, ലയനശേഷമുള്ള പുതിയ കമ്പനിയില്‍ ഓഹരി പങ്കാളിത്തം നല്‍കും.
1968ല്‍ അടിമാലിയില്‍ എം.ഇ. മീരാന്‍ ആരംഭിച്ച പലചരക്ക് വ്യാപാര ബിസിനസില്‍നിന്നാണ് ഈസ്റ്റേണിന്റെ തുടക്കം. 1983ലാണ് ഈസ്റ്റേണ്‍ കോണ്ടിമെന്റ്സ് പിറവിയെടുക്കുന്നത്. മീരാന്റെ മകന് നവാസ് മീരാനാണ് ഇപ്പോള്‍ ഈസ്റ്റേണ്‍ ഗ്രൂപ്പ് ചെയര്മാന്. നവാസിന്റെ സഹോദരന് ഫിറോസ് മീരാന്‍ ഈസ്റ്റേണ്‍ മാനേജിംഗ് ഡയറക്ടറും. ഈസ്റ്റേണ്‍ സ്ഥാപകരായ മീരാന്‍ കുടുംബത്തിന് നിലവില്‍ കമ്പനിയില്‍ 74 ശതമാനം ഓഹരിയാണുള്ളത്. 26 ശതമാനം ഓഹരികള്‍ രാജ്യാന്തര യുഎസ് കമ്പനിയായ മക് കോര്‍മിക്കിന്റെ കൈവശമാണ്.
ഈസ്റ്റേണിന് മൊത്തം 2,000 കോടി രൂപ മൂല്യം കണക്കാക്കിയാണ് ഇടപാട് നടക്കുന്നത്. മക് കോര്‍മിക് ഇന്‍ഗ്രേഡിയന്‍സിന്റെ 26 ശതമാനം ഓഹരികള്‍ 520 കോടി രൂപയ്ക്കാണ് വാങ്ങുന്നത്. ഈസ്റ്റേണ്‍ കുടുംബത്തില്‍നിന്നുള്ള 41.8 ശതമാനം ഓഹരികള്‍ക്ക് 836 കോടി രൂപയും മുടക്കും. ഈ ഇടപാട് പൂര്‍ത്തിയായ ശേഷം ലയനനടപടികളിലേക്കു നീങ്ങും. എംടിആറും ഈസ്റ്റേണും ലയിച്ചുണ്ടാകുന്ന കമ്പനിയില്‍ ഓര്‍ക് ലയ്ക്ക് 90.01 ശതമാനം ഓഹരിയും നവാസ് മീരാന്‍, ഫിറോസ് മീരാന്‍ സഹോദരന്മാര്ക്ക് 9.99 ശതമാനം ഓഹരിയുമുണ്ടാകും.
ഈസ്റ്റേണ്‍ ഗ്രൂപ്പ് ഓര്ക്ല ഫുഡ്സ് ഏറ്റെടുക്കുന്നു
12:34 AM Sep 08, 2020 | Deepika.com