ബംഗളൂരു: മരുന്നുകൾ ആവശ്യക്കാരുടെ വീട്ടുപടിക്കലെത്തിക്കുന്ന ഓണ്‍ലൈൻ ഫാർമസി സംവിധാനവുമായി ഇ-കൊമേഴ്സ് വന്പൻ ആമസോണ്‍. ഡോക്ടർമാരുടെ കുറിപ്പടിയുള്ള മരുന്നുകൾക്കു പുറമെ ആരോഗ്യ ഉപകരണങ്ങൾ, ആയുർവേദ മരുന്നുകൾ, പരന്പരാഗത പച്ചമരുന്നുകൾ എന്നിവയും വിതരണം ചെയ്യുമെന്ന് കന്പനി അറിയിച്ചു. ആദ്യ ഘട്ടമെന്നോണം ബംഗളൂരുവിലാണ് ആമസോണ്‍ ഓണ്‍ലൈൻ ഫാർമസി സംവിധാനം ആരംഭിക്കുന്നത്.
വാൾമാർട്ടിന്റെ ഫ്ലിപ്കാർട്ട്, റിലയൻസിന്റെ ജിയോ മാർട്ട് എന്നീ കന്പനികൾ കടുത്ത വെല്ലുവെളിയുയർത്തി രംഗത്തുള്ളപ്പോഴാണ് ആമസോണിന്റെ പുതിയ നീക്കമെന്നതു ശ്രദ്ധേയം. ബംഗാളിൽ ഓണ്‍ലൈൻ മദ്യ വിതരണത്തിനുള്ള അനുമതിയും ആമസോണ്‍ സ്വന്തമാക്കിയതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
അതേസമയം, ആമസോണിന്റെ പുതിയ സംരംഭത്തിനെതിരേ വിമർശനങ്ങളുമുയരുന്നുണ്ട്. ഓണ്‍ലൈൻ ഫാർമസികളിലൂടെ കുറിപ്പടിയില്ലാതെയുള്ള മരുന്നുവിതരണം വ്യാപകമാകുമെന്നാണു പ്രധാന ആക്ഷേപം.
ഓണ്‍ലൈൻ ഫാർമസിയുമായി ആമസോണ്‍
10:43 PM Aug 14, 2020 | Deepika.com