ന്യൂഡൽഹി: പ്രത്യക്ഷ നികുതി പരിഷ്കരണത്തിന്റെ അടുത്ത ഘട്ടം ഇന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിക്കും. കോവിഡ് മഹാമാരിയിൽ തകർന്ന സാന്പത്തിക രംഗത്തെ പുനരുജ്ജീവിപ്പിക്കുന്ന പദ്ധതികൾക്കൊപ്പംതന്നെ സത്യസന്ധമായി നികുതി ഒടുക്കുന്നവർക്ക് കൂടുതൽ പ്രോത്സാഹനം നൽകുന്ന പദ്ധതികളുമുണ്ടാകും.
സുതാര്യനികുതി- സത്യസന്ധരെ ആദരിക്കുന്നു എന്ന പുതിയ നികുതി പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിംഗ് സംവിധാനം വഴി തുടക്കം കുറിക്കുമെന്ന് ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. എന്തെല്ലാം പരിഷ്ക്കരണമാണു നടപ്പാക്കുന്നതെന്ന് പ്രസ്താവനയിൽ സൂചിപ്പിച്ചിട്ടില്ല.
ആറു വർഷമായി തുടരുന്ന പ്രത്യക്ഷ നികുതി പരിഷ്കരണത്തിന്റെ തുടർച്ചയായിരിക്കും പുതിയ പദ്ധതിയെന്നു പ്രതീക്ഷിക്കുന്നു. കഴിഞ്ഞവർഷം കന്പനികൾക്കുള്ള കോർപറേറ്റ് നികുതി 30 ശതമാനത്തിൽനിന്ന് 22 ശതമാനമായി കുറച്ചിരുന്നു. പുതിയ കന്പനികൾക്ക് 15 ശതമാനമായി നിജപ്പെടുത്തി.
ആദായനികുതി വകുപ്പിന്റെ സുതാര്യമായ പ്രവർത്തനത്തിനായി സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സ് (സിബിഡിടി) നിരവധി പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്. പ്രത്യക്ഷ നികുതി ലളിതമാക്കുകയാണ് നികുതി പരിഷ്കരണം കൊണ്ട് ഉദ്ദേശിക്കുന്നത്.
നികുതി പരിഷ്കരണം: നടപടികൾ പ്രധാനമന്ത്രി ഇന്നു പ്രഖ്യാപിക്കും
12:19 AM Aug 13, 2020 | Deepika.com