ന്യൂഡൽഹി: നിലവിലെ സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനങ്ങളുടെ ജിഎസ്ടി കുടിശിക ഇപ്പോൾ നൽകാൻ കഴിയില്ലെന്ന് കേന്ദ്ര ധനകാര്യ സെക്രട്ടറി അജയ് ഭൂഷൻ പാണ്ഡേ. പാർലമെന്റിന്റെ ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് മുന്നിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കോവിഡ് പ്രതിസന്ധി ഉൾപ്പെടെ പ്രതികൂല സാഹചര്യങ്ങൾ പരിഗണിക്കുന്പോൾ നിലവിലെ വരുമാനം പങ്കിടുന്നതിനുള്ള സൂത്രവാക്യത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളുടെ ജിഎസ്ടി കുടിശിക ഇപ്പോൾ നൽകാനാവില്ലെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്.
എന്നാൽ, സംസ്ഥാനങ്ങളോടുള്ള കേന്ദ്ര സർക്കാരിന്റെ പ്രതിബദ്ധത എങ്ങനെ ഒഴിവാക്കാനാകും എന്നു സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങൾ ചോദ്യമുന്നയിച്ചു. ഒരു നിശ്ചിത പരിധിക്ക് താഴെയാണ് വരുമാനം എങ്കിൽ സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള വ്യവസ്ഥ പുനർനിർണയിക്കാൻ ജിഎസ്ടി നിയമത്തിൽ വ്യവസ്ഥയുണ്ടെന്നായിരുന്നു ഇതിന് ധനകാര്യ സെക്രട്ടറി നൽകിയ മറുപടി. എന്നാൽ, സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള വ്യവസ്ഥ പുനർനിർണിയിക്കുന്നതിനുള്ള ജിഎസ്ടി കൗണ്‍സിൽ യോഗം ഇതുവരെ വിളിച്ചു ചേർത്തിട്ടില്ല.
സംസ്ഥാനങ്ങളുടെ ജിഎസ്ടി കുടിശിക ഇപ്പോൾ നൽകില്ലെന്നു കേന്ദ്രം
10:36 PM Jul 29, 2020 | Deepika.com