ബെർലിൻ: ജർമനിയിൽ കോവിഡ്-19 രണ്ടാം തരംഗമെന്നു കിഴക്കൻ ജർമനിയിലെ സാക്സൺ സ്റ്റേറ്റ് പ്രധാനമന്ത്രി മൈക്കിൾ ക്രെച്മെർ.
ആഴ്ചയുടെ അവസാനം കോവിഡ് കേസുകൾ 800നു മുകളിലേക്ക് ഉയരുന്നതും ദിനംപ്രതി പുതിയ ക്ലസ്റ്ററുകൾ രൂപപ്പെടുന്നതും ആശങ്കയുണർത്തുന്നുവെന്ന് ക്രിസ്റ്റ്യൻ ഡെമോക്രാറ്റ്സ് യൂണിയനിലെ മുതിർന്ന അംഗംകൂടിയായ ക്രെച്മെർ പറഞ്ഞു. സ്ഥിതി ആശങ്കാജനകമെന്ന റോബർട്ട് കോഹ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ട് ഉദ്ധരിച്ചുകൊണ്ടായിരുന്നു ക്രെച്മെർ ഇതുപറഞ്ഞത്. വെള്ളി, ശനി ദിവസങ്ങളിൽ യഥാക്രമം 781, 814 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ ഞായറാഴ്ച അതു 305 ആയി കുറഞ്ഞു. ഇതു പരിശോധനാഫലം ലഭിക്കാനുള്ള കാലതാമസംകൊണ്ടാണ്.
ആഘോഷക്കൂട്ടായ്മകളിൽ പങ്കെടുത്തവർക്കും വിമാനയാത്രക്കാരിലുമാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. കോവിഡ് കേസുകളുടെ എണ്ണത്തിൽ ലോകത്ത് 18-ാം സ്ഥാനത്താണ് ജർമനി. 2,06,741 കേസുകളാണ് ഇതുവരെ ഇവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. 1,90,000 പേർ രോഗമുക്തി നേടി.
ജർമനിയിൽ രണ്ടാം കോവിഡ് തരംഗം
11:41 PM Jul 27, 2020 | Deepika.com