ബെയ്ജിംഗ്: കോവിഡ് വ്യാപനത്തെത്തുടർന്ന് ലോകത്തെ ഒട്ടുമിക്ക സന്പദ്വ്യവസ്ഥകളും തളർച്ചയിലായ ഏപ്രിൽ- ജൂണ്‍ കാലയളവിൽ ചൈനയ്ക്കു വളർച്ച. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഇക്കുറി 3.2 ശതമാനം വളർച്ചയാണ് ചൈനീസ് ജിഡിപിയിലുണ്ടായിരിക്കുന്നത്.
എന്നാൽ 1990നു ശേഷമുണ്ടാകുന്ന ഏറ്റവും കുറഞ്ഞ നിരക്കിലുള്ള വളർച്ചയാണിത്. എങ്കിലും തൊട്ടുമുൻപത്തെ (ജനുവരി-മാർച്ച്) ത്രൈമാസത്തിൽ 6.8 ശതമാനം തളർച്ച രേഖപ്പെടുത്തിയ സ്ഥാനത്താണ് ചൈനയുടെ തിരിച്ചുവരവെന്നത് ശ്രദ്ധേയമാണ്. 1960നു ശേഷം ചൈനയുടെ ത്രൈമാസ വളർച്ചയിലുണ്ടായ ഏറ്റവും വലിയ ഇടിവായിരുന്നു ജനുവരി-മാർച്ച് കാലയളവിൽ രാജ്യം നേരിട്ടത്.
കഴിഞ്ഞ ഡിസംബറിലാണ് ചൈനയിൽ കോവിഡ് -19 റിപ്പോർട്ട് ചെയ്തത്.തുടർന്ന് അവിടെ പ്രഖ്യപിക്കപ്പെട്ട ലോക്ക് ഡൗണും നിയന്ത്രണങ്ങളും മാർച്ചിൽ നീക്കിയതോടെ വ്യവസായങ്ങളും മറ്റും പ്രവർത്തിച്ചുതുടങ്ങിയിരുന്നു. ഏപ്രിൽ - ജൂണ്‍ കാലയളവിലെ ചൈനയുടെ ഫാക്ടറി ഉത്പാദനത്തിലെ വളർച്ച 4.4 ശതമാനമാണ്. ഓണ്‍ലൈൻ വില്പനയിലെ വളർച്ച 14.3 ശതമാനം. അതേസമയം ചില്ലറ വില്പന 3.9 ശതമാനം താണു.
മറ്റുള്ളവർ തളർന്നു; ചൈന വളർന്നു
10:27 PM Jul 16, 2020 | Deepika.com