മെൽബൺ: മെൽബണിലെ സെന്റ് അൽഫോൻസാ സീറോ മലബാർ കത്തീഡ്രലിന്റെ ശിലാസ്ഥാപനകർമം ഓസ്ട്രേലിയയിലെ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ബോസ്കോ പുത്തൂർ നിർവഹിച്ചു. റോമിൽവച്ച് ഫ്രാൻസിസ് മാർപാപ്പ കത്തീഡ്രലിന്റെ അടിസ്ഥാനശില മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെയും സീറോമലബാർ സഭയിലെ മറ്റു മെത്രാന്മാരുടെയും സാന്നിധ്യത്തിൽ വെഞ്ചരിച്ചു ബിഷപ് മാർ പുത്തൂരിനു നല്കിയിരുന്നു.
കോവിഡ് നിയന്ത്രണത്തിന്റെ പശ്ചാത്തലത്തിൽ വികാരി ജനറാൾ ഫാ. ഫ്രാൻസിസ് കോലഞ്ചേരി, സമീപ ഇടവകകളിലെ വൈദികർ, ബിൽഡിംഗ് കമ്മിറ്റി എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ മാത്രമാണ് ചടങ്ങിൽ സംബന്ധിച്ചത്. ഇടവകയിലെ കുടുംബങ്ങൾ പ്രാർഥനാപൂർവം നല്കിയ ചെറിയ കല്ലുകളും അടിസ്ഥാനശിലയോടൊപ്പം കുഴിയിൽ നിക്ഷേപിച്ചു.
രൂപതാ ചാൻസലറും കത്തീഡ്രൽ വികാരിയുമായ ഫാ. മാത്യു കൊച്ചുപുരയ്ക്കൽ, കൈക്കാരന്മാരായ ക്ലീറ്റസ് ചാക്കോ, ആന്റോ തോമസ്, ബിൽഡിംഗ് കമ്മിറ്റി കൺവീനർ ഷിജി തോമസ്, ഫൈനാൻസ് കൺവീനർ ജോൺസൺ ജോർജ്, മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നല്കി. ലൂമെയ്ൻ കൺസ്ട്രക്ഷൻ എന്ന കന്പനിക്കാണ് നിർമാണച്ചുമതല. മലയാളിയായ ബെനിറ്റ് സേവ്യർ ആണ് ആർക്കിടെക്റ്റ്. ദേവാലയവും കമ്യൂണിറ്റിഹാളും പള്ളിമുറിയും ഒന്നര വർഷംകൊണ്ടു പൂർത്തിയാക്കും.
സെന്റ് അൽഫോൻസാ സീറോമലബാർ കത്തീഡ്രലിന്റെ ശിലാസ്ഥാപനകർമത്തോടനുബന്ധിച്ചു തയാറാക്കിയ സുവനീറിന്റെ പ്രകാശനകർമം വിക്ടോറിയൻ പാർലമെന്റംഗവും ഗവൺമെന്റ് വിപ്പുമായ ബ്രോൺവിൻ ഹാഫ്പെന്നി എംപി നിർവഹിച്ചു. കത്തീഡ്രൽ വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കൽ, കൈക്കാരന്മാർ, ബിൽഡിംഗ് കമ്മിറ്റി എക്സിക്യൂട്ടീവ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
മെൽബണിലെ സെന്റ് അൽഫോൻസാ സീറോ മലബാർ കത്തീഡ്രലിന്റെ ശിലാസ്ഥാപനം നടത്തി
11:06 PM Jul 15, 2020 | Deepika.com