കോവിഡിൽ നിശ്ചലമായിപ്പോയ വിപണികളും വ്യവസായങ്ങളും വാർത്തകളിൽ നിറയുന്പോൾ തിരച്ചുവരവിന്റെയും അതിജീവനത്തിന്റെയും കഥ പറയുകയാണ് വുഹാൻ. കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമെന്ന ചീത്തപ്പേര് നെറുകയിൽപേറുന്പോഴും കരുത്തോടെ ജീവിച്ചുകാണിക്കുന്നു ഈ ചൈനീസ് നഗരം...
പകച്ചുനില്‍ക്കാതെ
ഏപ്രിൽ എട്ടിനാണ് വുഹാനിലെ ലോക്ക് ഡൗൺ അവസാനിച്ചത്. എന്നാൽ, ഇനിയെന്ത് എന്ന ആശങ്കയിൽ പകച്ചുനിൽക്കാൻ വുഹാൻ ജനത തയാറായിരുന്നില്ല. ഓഫീസുകളും വ്യവസായശാലകളും അവർ തുറന്നു. പൊതുഗതാഗതവും ഓണ്‍ലൈൻ ടാക്സി സർവീസുകളുമൊക്കെ സജീവമായി. അല്പമെങ്കിലും മടികാട്ടിയിട്ടിട്ടുണ്ടെങ്കിൽ അത് ചില്ലറ വില്പന രംഗമായിരുന്നു. കടകളിൽ കൂട്ടത്തോടെവന്ന് സാധനങ്ങൾ വാങ്ങാൻ വുഹാനിലെ ആളുകൾക്കു ധൈര്യം വന്നില്ല. അതിനുപകരമായി അവർ ഓണ്‍ലൈൻ വിപണിയെ കൂടുതലായി ആശ്രയിച്ചു. ആളുകയറാതിരുന്ന പല ഹോട്ടലുകാരും ട്രെൻഡ് മനസിലാക്കി, ഓണ്‍ലൈൻ ഓർഡർ സ്വീകരിച്ച് രുചിയേറും നൂഡിൽസ് ചൂടാറുംമുന്പെ ആവശ്യക്കാരുടെ വീട്ടിലെത്തിക്കാൻ തുടങ്ങി.
വീണ്ടും ഭീതി
കോവിഡ് ഭീതിയിൽനിന്ന് ഏറെക്കുറെ മോചിതമായപ്പോഴാണ് വുഹാൻ വീണ്ടും ആ ദുർവാർത്ത കേട്ടത്; നഗരത്തിൽ വീണ്ടും സമൂഹവ്യാപനം. അധികൃതർ ഉടൻതന്നെ കടുത്ത ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. പിന്നീട് അവിടെ നടന്നത് ഒരുപക്ഷേ മറ്റെവിടെയും കാണാത്തവിധത്തിലുള്ള ത്രീവ രോഗനിവാരണ പ്രവർത്തനങ്ങളായിരുന്നു. രണ്ടാഴ്ചകൊണ്ട് അവിടത്തെ 110 ലക്ഷം ജനങ്ങളിലും തദ്ദേശവകുപ്പ് കോവിഡ് പരിശോധന നടത്തി. രോഗം സ്ഥിരീകരിക്കപ്പെട്ടവർക്ക് മികച്ച ചികിത്സ നല്കി. സ്ഥിതി നിയന്ത്രണവിധേയമായപ്പോൾ ലോക്ക് ഡൗണ്‍ പിൻവലിക്കുകയും ചെയ്തു. അതിനുശേഷം ഇതുവരെ വുഹാനിൽ ഒരാൾക്കുപോലും കോവിഡ് സ്ഥിരീകരിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്.
വ്യവസായം വളരുന്നു
മേയിലെ വുഹാനിൽനിന്നുള്ള കയറ്റുമതി കഴിഞ്ഞ വർഷം മേയിലെ അപേക്ഷിച്ച് 19.3 ശതമാനം വർധിച്ചെന്നാണു റിപ്പോർട്ട്. വൈറസ് വ്യാപനം തടയുന്നതിനുള്ള മാസ്കുകളും മറ്റു ചികിത്സാ ഉപകരണങ്ങളുമാണ് അവിടെനിന്ന് കൂടുതലായും കയറ്റുമതി ചെയ്യുന്നത്. വുഹാനിലെ കാർ നിർമാതാക്കളും ഇപ്പോൾ വലിയ സന്തോഷത്തിലാണ്. പൊതു വാഹനങ്ങൾക്കു പകരം സ്വന്തം കാറിൽ യാത്ര ചെയ്യാനാണ് ഇപ്പോൾ വുഹാൻ ജനതയ്ക്കു താത്പര്യമെന്നതാണ് അവരുടെ സന്തോഷത്തിനു കാരണം.
വ്യവസായ ശാലകൾ പ്രവർത്തനം ആരംഭിച്ചതോടെ അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതിയും ഇവിടെ കൂടിയിട്ടുണ്ട്. കോവിഡിനുമുന്‍പ് വുഹാൻ മെമ്മറി ചിപ്പുകളുടെ നാടായാണ് അറിയപ്പെട്ടിരുന്നത്. ഇവയുടെ കയറ്റുമതിയും സാധാരണനിലയിലേക്കെത്തിയിരിക്കുന്നു. മേയിലെ വ്യവസായ ഉത്പാദനത്തിലും കാര്യമായ ഇടിവുണ്ടായിട്ടില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
അലക്സ് ചാക്കോ
കോവിഡിന് തകർക്കാനായില്ല; അതിജീവനത്തിന്റെ പാതയിൽ വുഹാൻ
12:24 AM Jul 12, 2020 | Deepika.com