തൃശൂർ: സൗത്ത് ഇന്ത്യൻ ബാങ്ക് 2020-21 സാന്പത്തിക വർഷത്തിലെ ഒന്നാം പാദത്തിൽ 81.65 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി. കഴിഞ്ഞ സാന്പത്തിക വർഷത്തിൽ ഇത് 73.26 കോടി രൂപയായിരുന്നു (11.45% വർധന). പ്രവർത്തന ലാഭം ഒന്നാം പാദത്തിൽ 27.09 ശതമാനം വർധനയോടെ 403.68 കോടി രേഖപ്പെടുത്തി. കഴിഞ്ഞ സാന്പത്തിക വർഷത്തിൽ 317.63 കോടിയായിരുന്നു പ്രവർത്തനലാഭം.
അറ്റപലിശ വരുമാനത്തിൽ ഒന്നാംപാദത്തിൽ 10 ശതമാനം വർധനയുണ്ടായി. അറ്റപലിശ മാർജിൻ 2.53 ശതമാനത്തിൽനിന്നും 2.62 ശതമാനമായി ഉയർന്നു. പലിശേതര വരുമാനത്തിൽ 57 ശതമാനം വർധന ഒന്നാംപാദത്തിൽ രേഖപ്പെടുത്തി.
ബാങ്കിന്റെ സിഎഎസ്എ (CASA) നിക്ഷേപങ്ങളുടെ അനുപാതം വാർഷികാടിസ്ഥാനത്തിൽ 24.13 ശതമാനത്തിൽനിന്നും 26.89 ശതമാനമായി ഉയർന്നു.
മൊത്ത നിഷ്ക്രിയാസ്തി 4.96 ശതമാനത്തിൽനിന്നും 4.93 ശതമാനമായി കുറഞ്ഞു. അറ്റ നിഷ്ക്രിയാസ്തി 3.41 ശതമാനത്തിൽനിന്നും 3.09 ശതമാനമായി കുറഞ്ഞു. നിഷ്ക്രിയ വായ്പകൾക്കായുള്ള നീക്കിയിരുപ്പ് അനുപാതം 45.08 ശതമാനത്തിൽനിന്നും 58.76 ശതമാനമായി വർധിച്ചു. ഈ വർധന ബാങ്കിനു ശ്രദ്ധേയമായ നേട്ടമാണെന്നു എംഡിയും സിഇഒയുമായ വി.ജി. മാത്യു പറഞ്ഞു.
ഒന്നാം പാദത്തിൽ റീട്ടെയിൽ, അഗ്രികൾച്ചർ, എംഎസ്എംഇ വായ്പായിനങ്ങളിൽ ഗണ്യമായ നേട്ടം കൈവരിക്കാൻ സാധിച്ചു എന്നും അദ്ദേഹം വിശദീകരിച്ചു. കോർപറേറ്റ് വായ്പാ ഇനത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അതിന്റെ ഭാഗമായി കോർപറേറ്റ് വായ്പാ അനുപാതം മൊത്തം വായ്പയുടെ 28 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ വർഷം ഇതു 32 ശതമാനമായിരുന്നു. റീട്ടെയിൽ പോർട്ട്ഫോളിയോ 10 ശതമാനവും അഗ്രികൾച്ചർ 15 ശതമാനവും എംഎസ്എംഇ ഒന്പതുശതമാനവും വർധന രേഖപ്പെടുത്തി.
കോവിഡ്-19മായി ബന്ധപ്പെട്ടുള്ള നീക്കിയിരുപ്പ്, നിർബന്ധിത നീക്കിയിരിപ്പുൾപ്പെടെ 100.45 കോടി രൂപയാണ്.
ബാങ്കിന്റെ മൂലധന പര്യാപ്തത അനുപാതം 13.49 ശതമാനമായി ഉയർന്നു. കഴിഞ്ഞ സാന്പത്തിക വർഷത്തിന്റെ ഒന്നാംപാദത്തിൽ ഇതു 12.17 ശതമാനമായിരുന്നു.
സൗത്ത് ഇന്ത്യൻ ബാങ്ക് ഒന്നാംപാദ അറ്റാദായം 81.65 കോടി
12:32 AM Jul 09, 2020 | Deepika.com