തിരുവനന്തപുരം: കോവിഡ് 19ന്റെയും ലോക്ക്ഡൗണിന്റെയും ആഘാതമുണ്ടായ തൊഴില്‍മേഖലയില്‍ പുതിയ പ്രതീക്ഷയായി സര്‍വീസ് ബീ മൊബൈല്‍ ആപ്ലിക്കേഷന്‍.
വിവിധ സേവനമേഖലകളില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ത്വരിതപ്പെടുത്തുന്നതിനുമായി കൊല്ലം ആസ്ഥാനമായിട്ടുളള സ്റ്റാര്‍ട്ടപ്പ് കമ്പനിയായ വിവര്‍ത സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ് ആണ് സര്‍വീസ് ബീ ആപ് ആരംഭിച്ചിട്ടുള്ളത്. ഇതിന്റെ ഉദ്ഘാടനം കേന്ദ്രമന്ത്രി വി. മുരളീധരന് നിര്‍വഹിച്ചു.
ഗ്രാമ, നഗര പ്രദേശങ്ങളിലെ സാധാരണക്കാരെയും തൊഴിലന്വേഷകരെയും അതതു മേഖലകളിലെ വിവിധ തൊഴില്‍ദാതാക്കളുമായി ബന്ധിപ്പിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ആപ്പാണിത്. നിശ്ചിത തൊഴിലവസരങ്ങള്‍ക്കു പുറമേ, അടിയന്തര സേവനമേഖലകളിലും നൈപുണ്യമുള്ളവരെ ലഭ്യമാക്കാന്‍ ആപ്ലിക്കേഷന്‍ സഹായകമാണ്. തൊഴില്‍ദാതാക്കള്‍ക്കു കുറഞ്ഞ നിരക്കിലും വേഗത്തിലും വിദഗ്ധസേവനം ലഭ്യമാകുന്നുവെന്നതും ഇതിന്റെ സവിശേഷതയാണ്.
കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും തങ്ങളുടെ ഉത്പന്നങ്ങളും സേവനങ്ങളും കൂടുതല്‍ പ്രദേശങ്ങളിലേക്കു സര്‍വീസ് ബീ മൊബൈല്‍ ആപ് വഴി എത്തിക്കാനാകും.
കോവിഡിന്റെ പശ്ചാത്തലത്തില്‍ മടങ്ങിവരുന്ന പ്രവാസി ഇന്ത്യക്കാര്‍ക്കും മറ്റുള്ളവര്‍ക്കും തൊഴിലവസരങ്ങള്‍ ഒരുക്കാന്‍ സര്‍വീസ് ബീ മൊബൈല്‍ ആപ് പര്യാപ്തമാണെന്ന് വിവര്‍ത സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ് എംഡി സുധീര്‍ കുമാര്‍ പറഞ്ഞു.
ബാല്‍ക്കോയുടെ കോര്‍പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റിയുടെ ഭാഗമായാണു മൊബൈല്‍ ആപ് ആരംഭിക്കുന്നത്. ഇലക്ട്രിക്കല്‍, പ്ലംബിംഗ്, യോഗ, ബ്യൂട്ടീഷന് മേഖലകളിലെ തൊഴിലവസരങ്ങളും സേവനങ്ങളുമാണ് ആദ്യഘട്ടത്തില്‍ സര്‍വീസ് ബീ മൊബൈല്‍ ആപ് ലഭ്യമാക്കുന്നത്.
സേവനദാതാക്കള്‍ക്കും സാധാരണ ഉപയോക്താക്കള്‍ക്കും പ്രയോജനം ലഭിക്കും വിധത്തിലാണ് മൊബൈല്‍ ആപ്ലിക്കേഷന്‍ അവതരിപ്പിച്ചിരിക്കുന്നത്. ഗൂഗിള്‍ പ്ലേ സ്റ്റോര്‍ വഴി സര്‍വീസ് ബീ ആപ്ലിക്കേഷന്‍ ഡൗണ്‍ ലോഡ് ചെയ്യാം.
അടിയന്തര, അനുബന്ധ സര്‍വീസുകള്‍,സര്‍വീസ് വാറന്റി, നിരന്തര പരിശോധനയും,വിദഗ്ധരായ സേവന ഉദ്യോഗസ്ഥരും, 24 മണിക്കൂറും ഉപഭോക്തൃ സേവനം, ചെറിയ നിരക്കിലുള്ള കൂടുതല്‍ സേവനം, ഓണ്‍ലൈന്‍ പേയ്മെന്റ് സൗകര്യം, ഇ ഇന്‍വോയ്സ്, സുരക്ഷിതമായ പരാതി രജിസ്റ്റര്‍ സൗകര്യം എന്നിവയാണ് മറ്റു സവിശേഷതകള്‍.
തൊഴില്‍ദാതാക്കള്‍ക്കും അന്വേഷകര്‍ക്കും സേവനവുമായി സര്‍വീസ് ബീ മൊബൈല്‍ ആപ്
12:14 AM Jun 22, 2020 | Deepika.com