വാഷിംഗ്ടൺ ഡിസി: കറുത്തവംശജനായ ജോർജ് ഫ്ളോയിഡിനെ പോലീസ് ഓഫീസർ കഴുത്തിൽ മുട്ടമർത്തി ശ്വാസം മുട്ടിച്ചുകൊന്നതിനെത്തുടർന്നു യുഎസിൽ ആരംഭിച്ച പ്രതിഷേധ പ്രകടനങ്ങൾ എട്ടുദിവസം പിന്നിട്ടിട്ടും ശമിക്കാതെ തുടരുന്നു. ഇതിനിടെ പ്രകടനക്കാർക്കു നേരേ പോലീസ് നടത്തിയ അമിത ബലപ്രയോഗത്തിന്റെ നിരവധി വീഡിയോകൾ പുറത്തുവന്നിട്ടുണ്ട്.
ന്യൂയോർക്ക് സ്റ്റേറ്റിലെ ബഫലോയിൽ പ്രതിഷേധപ്രകടനം നടത്തിയ പ്രായം ചെന്ന വെള്ളക്കാരനെ പോലീസ് നിലത്തു വീഴ്ത്തിയതിന്റെ വീഡിയോയാണ് ഒരെണ്ണം. രണ്ടു പോലീസുകാരെ ഈ കേസിൽ സസ്പെൻഡ് ചെയ്തു. ന്യൂയോർക്ക് നഗരത്തിൽ പ്രകടനക്കാരെ പോലീസ് ഓടിക്കുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. അമേരിക്കയിലെ വിവിധ നഗരങ്ങളിൽ ഇന്നലെ പ്രതിഷേധ പ്രകടനങ്ങൾ നടത്തി.
ഫ്ളോയിഡ് കൊല്ലപ്പെട്ട മിനിയാപ്പൊളീസ് നഗരത്തിൽ നടത്തിയ അനുസ്മരണച്ചടങ്ങിൽ വൻ ജനാവലി പങ്കെടുത്തു. കറുത്തവംശജർ നേരിടുന്ന പീഡനത്തിനെതിരേ ചെറുത്തുനില്പ് ആരംഭിക്കേണ്ട സമയമെന്ന് അനുസ്മരണാച്ചടങ്ങിൽ പ്രസംഗിച്ച റവ. അൽഷാർപ്ടൺ പറഞ്ഞു. ഞങ്ങളുടെ കഴുത്തുകളിൽനിന്ന് നിങ്ങളുടെ മുട്ടുകൾ എടുക്കുക എന്നു വിളിച്ചുപറയേണ്ട സമയമായി.
മിനിയാപ്പൊളീസിലെ അനുസ്മരണത്തിൽ പങ്കെടുത്തവർ എട്ടുമിനിറ്റ് 46 സെക്കൻഡ് മൗനമാചരിച്ചു. വെള്ളക്കാരനായ പോലീസ് ഓഫീസർ ഡെറക് ഇത്രയും സമയമാണ് ഫ്ളോയിഡിന്റെ കഴുത്തിൽ മുട്ടുകുത്തിയിരുന്നത്. എനിക്കു ശ്വാസംകിട്ടുന്നില്ല എന്നു പലതവണ നിലവിളിച്ച ഫ്ളോയിഡ് ഒടുവിൽ മരണത്തിനു കീഴടങ്ങി.
പോലീസ് അതിക്രമത്തിന്റെ പുതിയ വീഡിയോകൾ
11:19 PM Jun 05, 2020 | Deepika.com