കോഴിക്കോട് : കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ യുഎഇയിലുള്ള ജീവനക്കാരെയും അവരുടെ കുടുംബാംഗങ്ങളെയും സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിന് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഏർപ്പെടുത്തിയ പ്രത്യേക വിമാനം കരിപ്പൂരിൽ ഇറങ്ങി.
എയർ അറേബ്യയുടെ ആദ്യ ചാർട്ടേഡ് വിമാനം ഷാർജയിൽനിന്നാണ് കരിപ്പൂരിലിറങ്ങിയത്. 25 കുട്ടികളുൾപ്പെടെ 171 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.
ഇതുകൂടാതെ യുഎഇയിൽനിന്ന് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ അഞ്ഞൂറോളം വരുന്ന ടീം അംഗങ്ങളെയും അവരുടെ കുടുംബങ്ങളെയും കേരളം, തമിഴ്നാട്, മഹാരാഷ്ട്ര, ബംഗാൾ എന്നിവയുൾപ്പെടെ ഇന്ത്യയിലുടനീളം വിവിധ സ്ഥലങ്ങളിലേക്ക് തിരിച്ചയയ്ക്കുന്നതിനായി ചാർട്ടേഡ് വിമാനങ്ങൾ ഒരുക്കുന്നതിനും പദ്ധതിയുണ്ട്.
ഈ വർഷം ഇന്ത്യയിലുടനീളം 18 പുതിയ സ്റ്റോറുകൾ തുറക്കും, ഇന്റർനാഷണൽ ഓപ്പറേഷനിൽനിന്ന് ജോലി നഷ്ടപ്പെട്ട ടീം അംഗങ്ങൾക്ക് പുതിയ സ്റ്റോറുകളിൽ ജോലിക്കു മുൻഗണനയുണ്ടെന്ന് മലബാർ ഗോൾഡ് അധികൃതർ അറിയിച്ചു.
മലബാർ ഗോൾഡിന്റെ വിമാനം എത്തി
10:45 PM Jun 05, 2020 | Deepika.com