മുംബൈ: ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്ന് കഴിഞ്ഞ ദിവസം പുറത്തായ ഇന്ത്യൻ ഷോർട്ട് വീഡിയോ ആപ് മിട്രോണ്‍ തിരിച്ചെത്തി. സ്വകാര്യതാ നയങ്ങൾ ലംഘിച്ചതുകൊണ്ടാണ് ആപ്പിനെ ഒഴിവാക്കിയതെന്നും പ്രശ്നങ്ങൾ പരിഹരിച്ച സ്ഥിതിക്കു മിട്രോൺ വീണ്ടും പ്ലേ സ്റ്റോറിൽ ലഭ്യമാകുമെന്നും ഗൂഗിൾ അറിയിച്ചു. ടിക് ടോക്കിന്റെ ഇന്ത്യൻ വേർഷനായി അറിയപ്പെട്ടിരുന്ന മിട്രോണിന് ഒട്ടേറെ സുരക്ഷാപ്രശ്നങ്ങളുണ്ടെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
പാക്കിസ്ഥാനിലുള്ള ഏതാനും ആപ് ഡെവലപ്പേഴ്സ് രൂപപ്പെടുത്തിയ ടിക് ടിക് എന്ന ആപ്പിന്റെ തനിപ്പകർപ്പാണ് മിട്രോണെന്നും തുച്ഛമായ തുകയ്ക്ക് ഇവരിൽനിന്നു സോഴ്സ് കോഡ് വാങ്ങിയാണ് ആപ് തുടങ്ങിയതെന്നും ആരോപണമുണ്ടായി.
ഐഐടി വിദ്യാർഥിയായ ഷിബാൻഗ് അഗർവാൾ ആണ് മിട്രോണിന്റെ ഉടമ. 50 ലക്ഷത്തോളം ഡൗണ്‍ലോഡ്സ് ചുരുങ്ങിയ കാലത്തിനിടെ മിത്രോൺ സ്വന്തമാക്കിയിരുന്നു.
അതേസമയം, ഫോണിൽനിന്നു ചൈനീസ് ആപ്പുകളെ പുറത്താക്കുന്ന ‘റിമൂവ് ചൈനീസ് ആപ്’ എന്ന ആപ്ലിക്കേഷനെ പ്ലേസ്റ്റോറിൽനിന്നു പുറത്താക്കിയ നടപടി ഗൂഗിൾ ന്യായീകരിച്ചു. ആരോഗ്യകരമായ മത്സരം സ്വാഗതം ചെയ്യുന്നെങ്കിലും മറ്റ് ആപ്പുകൾക്കു ദോഷകരമായി വർത്തിക്കുന്ന ആപ്ലിക്കേഷനുകൾ പ്ലേസ്റ്റോറിൽ അനുവദിക്കാനാവില്ലെന്നു കന്പനി അറിയിച്ചു.
മിട്രോണ്‍ വീണ്ടും വന്നു
10:45 PM Jun 05, 2020 | Deepika.com