ബർലിൻ: ജർമനിയിൽ സജീവ കൊറോണ കേസുകൾ തീർത്തും കുറഞ്ഞതോടെ 31 യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള യാത്രാ വിലക്കുകൾ പിൻവലിക്കുമെന്നു ജർമൻ ഫെഡറൽ സർക്കാർ അറിയിച്ചു. ജനങ്ങൾ വേനൽ അവധിക്കാലം ആഘോഷിക്കണമെന്ന ആഗ്രഹമാണ് സർക്കാർ മുന്നോട്ടുവയ്ക്കുന്നത്. യാത്രാവിലക്കുകൾ ജൂണ്‍ 15 മുതൽ നീക്കിത്തുടങ്ങുമെന്നാണ് ഫെഡറൽ വിദേശകാര്യമന്ത്രി ഹൈക്കോ മാസ് അറിയിച്ചത്.
യാത്രാവിലക്ക് പിൻവലിച്ച രാജ്യങ്ങളിൽ യൂറോപ്യൻ യൂണിയനിലെ ജർമനിയുടെ 26 പങ്കാളി രാജ്യങ്ങൾക്കു പുറമേ, യൂണിയനിൽനിന്നു പുറത്തു പോയ ബ്രിട്ടനും യൂണിയനിൽ അംഗങ്ങളല്ലാത്ത ഐസ്ലാന്‍ഡ്, നോർവേ, സ്വിറ്റ്സർലൻഡ്, ലിസ്റ്റൻസ്റ്റൈൻഎന്നിവയുമുൾപ്പെടും. യൂറോപ്പിലെ അതിർത്തി കടന്നുള്ള വേനൽക്കാല അവധി ദിനങ്ങൾ കൂടുതൽ ആഘോഷമാക്കി ടൂറിസം പുനരുജ്ജീവിപ്പിക്കൽ യാത്രക്കാർക്കും ജർമൻ യാത്രാ വ്യവസായത്തിനും സാന്പത്തിക സ്ഥിരതയ്ക്കും പ്രധാനമാണെന്നു ജർമൻ സർക്കാർ വിലയിരുത്തുന്നു.
ജൂണ്‍ 15 യൂറോപ്പിലെ ടൂറിസ്റ്റ് ഡേ
റോം: യൂറോപ്യൻ ടൂറിസത്തിനായി ജൂണ്‍ പകുതിയോടെ കേളികൊട്ടുയരുമെന്ന് ഇറ്റാലിയൻ വിദേശകാര്യ മന്ത്രി ലുയിഗി ഡി മായോ. ജൂണ്‍ 15 യൂറോപ്പിന്റെ ടൂറിസ്റ്റ് ഡേ ആയിരിക്കുമെന്നു മന്ത്രി പറഞ്ഞു. ജൂണ്‍ 15 വിനോദ സഞ്ചാരത്തിനായി യൂറോപ്യൻ കവാടം തുറക്കുന്നുകൊണ്ട് ഒരു സുപ്രധാന ദിനമാണ്- അദ്ദേഹം പറഞ്ഞു. ജർമനി വീണ്ടും തുറക്കുന്നതോടെ ഓസ്ട്രിയയുമായും മറ്റ് യൂറോപ്യൻ രാജ്യങ്ങളുമായും ഇറ്റലിക്കു പ്രവർത്തിക്കാനാവുമെന്ന് ഡി മായോ പറഞ്ഞു. ജൂണ്‍ 3 മുതൽ വിനോദസഞ്ചാരികൾക്കായി ഇറ്റലി അതിർത്തി തുറക്കും. ഇറ്റലിയിലുടനീളം ഇതുവരെ 33,000 കോവിഡ് മരണങ്ങൾ ഉണ്ടായിട്ടുണ്ട്.
ഇറ്റലി വോളണ്ടിയർമാരെ തേടുന്നു
റോം: രാജ്യത്തു കോവിഡ് ബാധ നിയന്ത്രിക്കാനുള്ള നിർദേശങ്ങൾ കർശനമായി നടപ്പാക്കാൻ ഇറ്റാലിയൻ സർക്കാർ വോളണ്ടിയർമാരുടെ സഹായം തേടുന്നു. അറുപതിനായിരം പേരെ നിയോഗിക്കും. പെൻഷനർമാരിൽനിന്നും തൊഴിൽരഹിതരായ ചെറുപ്പക്കാരിൽനിന്നുമായിരിക്കും ഇതിനുള്ള ആളുകളെ തെരഞ്ഞെടുക്കുക. ഇളവുകൾ പ്രഖ്യാപിച്ച ശേഷം ആളുകൾ നിയന്ത്രണമില്ലാതെ പെരുമാറുന്ന സാഹചര്യം ഒഴിവാക്കുകയാണ് ലക്ഷ്യം. മന്ത്രി ഫ്രാൻസിസ്കോ ബോച്ചിയയുടെ ആശയമാണ് സർക്കാർ സ്വീകരിച്ചു നടപ്പാക്കുന്നത്. വോളണ്ടിയർമാരെ റിക്രൂട്ട് ചെയ്യാൻ സിവിൽ പ്രൊട്ടക്ഷൻ യൂണിറ്റിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
മിലാനിൽ മദ്യ നിരോധനം
കോവിഡ് 19 കേസുകളിൽ പുതിയ കുതിച്ചുചാട്ടമുണ്ടാകുമെന്ന ഭയത്തിനിടയിൽ മിലാനിൽ മദ്യനിരോധനം പ്രാബല്യത്തിൽ. മിലാൻ മേയർ ബെപ്പെ സാല ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. പബ്ബുകൾ, ബാറുകൾ, ഷോപ്പുകൾ, മിനി മാർക്കറ്റുകൾ എന്നിവയിൽനിന്നു മദ്യം വിളന്പുന്നതിനെ നിരോധനം ബാധിക്കുമെങ്കിലും സൂപ്പർ മാർക്കറ്റുകൾ ഒഴിവാക്കുമെന്ന് സാല പറഞ്ഞു.
സ്പെയിനിൽ ടൂറിസം ജൂലൈയിൽ
മാഡ്രിഡ്: സ്പെയിനിലെ ടൂറിസം മേഖലയുടെ പ്രവർത്തനങ്ങൾ ജൂലൈ മുതൽ പുനരാരംഭിക്കാൻ അനുമതി നൽകുമെന്ന് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്. വിദേശ ടൂറിസ്റ്റുകൾക്കും ഉപാധികളോടെ രാജ്യത്തു പ്രവേശനാനുമതി നൽകും. വിദേശ രാജ്യങ്ങളിൽനിന്നു വരുന്നവർക്കു 14 ദിവസത്തെ ക്വാറന്റൈൻ നിർബന്ധിതമാക്കിയ തീരുമാനം ജൂലൈയിൽ പിൻവലിക്കുമെന്നു സ്പാനിഷ് സർക്കാർ അറിയിച്ചു.
ആരോഗ്യമേഖലയിൽ ശന്പളവർധന
പാരീസ്: ഫ്രാൻസിലെ ആരോഗ്യരംഗത്തു സമൂല പരിഷ്കരണങ്ങൾ നടപ്പാക്കാൻ സർക്കാർ പദ്ധതി തയാറാക്കി. ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവർക്കു ഗണ്യമായ ശന്പള വർധനയുണ്ടാകുമെന്നും പദ്ധതി അവതരിപ്പിക്കവേ പ്രധാനമന്ത്രി എഡ്വേർഡ് ഫിലിപ് വ്യക്തമാക്കി.
ആരോഗ്യമേഖലയുടെ രീതികളല്ല, വേഗമാണ് കൂട്ടേണ്ടതെന്ന ആശയത്തിന്റെ അടിസ്ഥാനത്തിലായിരിക്കും പരിഷ്കരണങ്ങൾ.
ജോസ് കുന്പിളുവേലിൽ
ജർമനി 31 രാജ്യങ്ങളിലേക്കുള്ള യാത്രാവിലക്ക് നീക്കുന്നു
11:56 PM May 26, 2020 | Deepika.com