വാഷിംഗ്ടൺ ഡിസി: എച്ച്-1ബി വീസ അനുവദിക്കുന്നതിൽ, യുഎസിൽ ഉന്നത വിദ്യാഭ്യാസം നേടിയ വിദേശവിദ്യാർഥികൾക്ക് മുൻഗണന നല്കണമെന്ന് ആവശ്യപ്പെടുന്ന ബിൽ കോൺഗ്രസിലെ ജനപ്രതിനിധിസഭയിലും സെനറ്റിലും അവതരിപ്പിച്ചു. ഭരണപ്രതിപക്ഷ പ്രതിനിധികൾ സംയുക്തമായിട്ട് അവതരിപ്പിച്ച ബില്ലിന്റെ പേര് എച്ച്-1ബി, എൽ-1 വീസ പരിഷ്കാര നിയമം എന്നാണ്.
ഇന്ത്യൻ വിദ്യാർഥികൾക്ക് ഏറെ പ്രയോജനം ലഭിക്കുന്ന നീക്കമാണിതെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു. സാങ്കേതികവൈദഗ്ധ്യം കൂടുതൽ വേണ്ട മേഖലകളിൽ അനുവദിക്കുന്നതാണ് എച്ച്-1ബി വീസ. ഇന്ത്യക്കാർക്കും ചൈനക്കാർക്കുമാണ് ഇത് കൂടുതലും ലഭിക്കുന്നത്. ഈ വർഷം അനുവദിക്കുന്ന 85,000 വീസകൾക്കായി ലഭിച്ച 2,75,000 അപേക്ഷകളിൽ 67 ശതമാനവും ഇന്ത്യക്കാരുടേതായിരുന്നു. യുഎസിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണം രണ്ടു ലക്ഷത്തിനു മുകളിലും വരും.
യുഎസിനകത്തും പുറത്തും ഓഫീസുകളുള്ള അന്താരാഷ്ട്ര കന്പനികളിലെ ജീവനക്കാർക്ക് നല്കുന്നതാണ് എൽ-1 വീസ. രണ്ടു വീസകളുടെയും കാര്യത്തിൽ വലിയ പരിഷ്കരണങ്ങൾ നിയമം മുന്നോട്ടുവയ്ക്കുന്നു. അമേരിക്കൻ ജീവനക്കാർക്കു പകരമായി എച്ച്-1ബി, എൽ-1 വീസക്കാരെ നിയമിക്കരുതെന്ന് വ്യക്തമായി നിർദേശിക്കുന്നുണ്ട്.
ഈ വീസകളിൽ ജീവനക്കാരെ താത്കാലികമായി യുഎസിൽ കൊണ്ടുവന്നു പരിശീലനം നല്കിയശേഷം സ്വരാജ്യങ്ങളിലേക്കു മടക്കി അയയ്ച്ച് ജോലി ചെയ്യാൻ സഹായിക്കുന്ന ഔട്ട്സോഴ്സിംഗ് കന്പനികളെ കർശനമായി നിയന്ത്രിക്കും.
50നു മുകളിൽ ജീവനക്കാരുള്ള കന്പനികളിൽ പകുതിപ്പേരെ മാത്രമേ ഈ വീസകളിൽ നിയമിക്കാൻ അനുവദിക്കൂ എന്നും ബില്ലിൽ നിർദേശിക്കുന്നു.
എച്ച്-1ബി: യുഎസിൽ പഠിച്ച വിദേശവിദ്യാർഥികൾക്കു മുൻഗണ നല്കണമെന്ന്
12:18 AM May 24, 2020 | Deepika.com