കറാച്ചി: പാക്കിസ്ഥാനിലെ കറാച്ചിയില്‍ യാത്രാവിമാനം ജനവാസമേഖലയില്‍ തകര്‍ന്നുവീണ് 57 പേര് മരിച്ചു. ലാഹോറില്‍നിന്നു കറാച്ചിയിലേക്കു 107 യാത്രക്കാരുമായി പറന്ന പാക്കിസ്ഥാന് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ്(പിഐഎ) വിമാനമാണു ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങുന്നതിന് ഒരു മിനിറ്റിനു മുമ്പ് തകര്‍ന്നുവീണത്.
ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ജിന്നാ ഗാര്ഡന് മേഖലയിലാണ് അപകടം. 99 യാത്രക്കാരും എട്ടു ജീവനക്കാരുമാണ് എയര്‍ബസ് എ-320 വിമാനത്തിലുണ്ടായിരുന്നത്. നിരവധി വീടുകളും വാഹനങ്ങളും തകര്‍ന്നു.
പാക് കരസേനയും വ്യോമസേനയും രക്ഷാപ്രവര്‍ത്തനത്തിനെത്തി. പ്രദേശവാസികളായ മുപ്പതോളം പേരെ പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിമാനത്തിലുണ്ടായിരുന്ന ബാങ്ക് ഓഫ് പഞ്ചാബ് പ്രസിഡന്റ് സഫര്‍ മസൂദ് അദ്ഭുതകരമായി രക്ഷപ്പെട്ടു.
അപകടത്തെത്തുടര്‍ന്ന് കറാച്ചിയിലെ എല്ലാ ആശുപത്രികളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കറാച്ചി വിമാനത്താവളം താത്കാലികമായി അടച്ചു.
ഏതാനും ദിവസം മുമ്പാണ് പാക്കിസ്ഥാനില്‍ ആഭ്യന്തര വിമാന സര്‍വീസ് പുനരാരംഭിച്ചത്.
വിമാനത്തിന്റെ ലാന്‍ഡിംഗ് ഗിയര്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന്, റഡാറില്‍നിന്ന് അപ്രത്യക്ഷമാകുന്നതിനു തൊട്ടുമുമ്പ് ക്യാപ്റ്റന്‍ സജ്ജാദ് ഗുല്‍ അറിയിച്ചിരുന്നു.
അപകടത്തെക്കുറിച്ച് അന്വേഷണത്തിന് പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന് ഉത്തരവിട്ടു.
പാക്കിസ്ഥാനില്‍ വിമാനം തകര്‍ന്ന് 57 മരണം
12:03 AM May 23, 2020 | Deepika.com