കോഴിക്കോട്: കൊറോണ വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ക് ഡൗണിൽ ഇളവ് വരുത്തിയതിന്റെഅടിസ്ഥാനത്തിൽ കേരളത്തിലെ ജ്വല്ലറികൾ ഇന്നുമുതൽ തുറന്ന് പ്രവർത്തിക്കുമെന്ന് കേരള ജ്വല്ലേഴ്സ് അസോസിയേഷൻ കോ-ഓർഡിനേഷൻ കമ്മിറ്റി അറിയിച്ചു.
സർക്കാർ നിർദേശം കൃത്യമായി പാലിച്ചുകൊണ്ട് എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഉറപ്പു വരുത്തിയായിരിക്കും ജ്വല്ലറികളുടെ പ്രവർത്തനം. ലോക്ക്ഡൗണിൽ ജ്വല്ലറികൾ രണ്ടു മാസത്തോളമായി അടച്ചിട്ടതിനാൽ, സ്വർണ വ്യാപാര മേഖല കടുത്ത പ്രതിസന്ധി നേരിടുകയാണ്. സ്വർണ വ്യാപാര മേഖലയിൽ വർഷത്തിൽ ഏറ്റവും കൂടുതൽ വില്പന നടക്കുന്ന സമയത്താണ് ലോക്ക് ഡൗണിനെ തുടർന്ന് രാജ്യമാകെ ജ്വല്ലറികൾ അടച്ചിടേണ്ടിവന്നത്. ഇത്തരം അവസ്ഥ ഇതിനു മുമ്പൊരിക്കലും അനുഭവിക്കേണ്ടി വന്നിട്ടില്ല. ഷോപ്പുകളുടെ വാടകയിനത്തിലും ജീവനക്കാരുടെ ശമ്പള ഇനത്തിലും വായ്പാപലിശ ഇനത്തിലും മറ്റും കോടികളുടെ ബാധ്യതയാണ് ഓരോ ജ്വല്ലറി ഉടമയ്ക്കും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. നികുതി ഇനത്തിൽ സർക്കാരിനും കോടിക്കണക്കിന് രൂപയാണ് നഷ്ടമാകുന്നത്.
കോ-ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ ബി. ഗിരിരാജൻ യോഗത്തിൽഅധ്യക്ഷത വഹിച്ചു. കോ-ഓർഡിനേഷൻ കമ്മിറ്റി കണ്‍വീനർ എം.പി. അഹമ്മദ്, ഡോ. ബി.ഗോവിന്ദൻ, ടി.എസ്. കല്യാണരാമൻ, ജോയ് ആലുക്കാസ്, ബാബു എം.ഫിലിപ്പ്, ജസ്റ്റിൻ പാലത്ര, കെ.സുരേന്ദ്രൻ, ഷാജു ചിറയത്ത്,രാജീവ് പോൾ ചുങ്കത്ത്, കോ-ഓർഡിനേറ്റർ അഡ്വ. എസ്. അബ്ദുൾ നാസർ എന്നിവർ പ്രസംഗിച്ചു.
കേരളത്തിൽ ജ്വല്ലറികൾ ഇന്നുമുതൽ
12:14 AM May 20, 2020 | Deepika.com