മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വായ്പാ പലിശയ്ക്കുള്ള എംസിഎൽആർ കുറച്ചത് കഴിഞ്ഞ ഒക്ടോബറിനു മുന്പ് എടുത്ത വായ്പകൾക്കു സഹായകമാകും. കഴിഞ്ഞ ഒക്ടോബറിനു മുന്പാണ് എംസിഎൽആർ (മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട്സ് ബേസ്ഡ് ലെൻഡിംഗ് റേറ്റ്) നിലനിന്നത്. പിന്നീട് എക്സ്റ്റേണൽ ബെഞ്ച് മാർക്ക് റിലേറ്റഡ് (ഇബിആർ) നിരക്കിലുള്ള വായ്പകളാണുള്ളത്. അവയുടെ നിരക്ക് ഏതാനും ദിവസം മുന്പ് കുറച്ചിരുന്നു.
ഇപ്പോൾ എംസിഎൽആർ അധിഷ്ഠിത വായ്പകൾക്ക് 0.35 ശതമാനമാണ് കുറച്ചിരിക്കുന്നത്. 7.75 ശതമാനത്തിൽനിന്ന് 7.4 ശതമാനത്തിലേക്ക് താഴ്ത്തി. ഇത് ഏപ്രിൽ പത്തിനു നിലവിൽവരും. 30 വർഷ കാലാവധിയുള്ള ഒരുലക്ഷം രൂപയുടെ വായ്പയ്ക്ക് ഇഎംഐയിൽ 24 രൂപ കുറവുവരുത്തുന്നതാണ് ഈ നിരക്ക് കുറയ്ക്കൽ.
എസ്ബിഐയുടെ എക്സ്റ്റേണൽ ബെഞ്ച്മാർക്ക് റിലേറ്റഡ് നിരക്ക് 7.05-ഉം റീപോ ലിങ്ക്ഡ് റേറ്റ് 6.65-ഉം ശതമാനമാണ്.
എസ്ബിഐ സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകൾക്ക് നൽകുന്ന പലിശ മൂന്നുശതമാനത്തിൽനിന്ന് 2.75 ശതമാനമായി കുറച്ചു. ഇത് ഏപ്രിൽ 15-നു പ്രാബല്യത്തിൽവരും.
എസ്ബിഐ പലിശ കുറച്ചു
12:11 AM Apr 09, 2020 | Deepika.com