ലണ്ടൻ സറെ റെഡ് ഹില്ലിൽ താമസിക്കുന്ന ഇരിട്ടി അത്തിക്കലിലെ മുള്ളന്‍കുഴിയില്‍ ജോർജ്-ഏലിയാമ്മ ദമ്പതികളുടെ മകൻ സിന്റോ ജോര്‍ജും (36), മകളെ സന്ദർശിക്കാനെത്തിയ കൊട്ടാരക്കര ഓടനാവട്ടം കട്ടയിൽ ദേവിവിലാസത്തിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ ഇന്ദിര (72- റിട്ട. അധ്യാപിക, ജിഎച്ച്എസ് മുട്ടറ)യുമാണ് ലണ്ടനിൽ മരിച്ചത്.
അമേരിക്കയിലെ ന്യൂയോർക്കിൽ കൊട്ടാരക്കര കരിക്കം അടുമുക്ക് പ്രഭാ ബംഗ്ലാവിൽ ഉമ്മൻ കിരിയാൻ (65), പിറവം പാലച്ചുവട് പാറശേരില്‍ കുര്യാക്കോസിന്റെ ഭാര്യ ഏലിയാമ്മ, ചെങ്ങന്നൂര്‍ സ്വദേശി ശില്പ നായര്‍, ജോസഫ് തോമസ്, തിരുവല്ല നെടുമ്പ്രം ഒറ്റതെങ്ങ് കൈപ്പാംചാലിൽ വീട്ടിൽ റിട്ട. ബി.എസ്.എൻ.എൽ. ഉദ്യോഗസ്ഥൻ കെ.ജെ. ഈപ്പൻ (74 ) എന്നിവരാണ് മരിച്ചത്.
20 വര്‍ഷമായി അമേരിക്കയില്‍ സ്ഥിരതാമസമായിരുന്ന ഏലിയാമ്മ അവിടെ പോസ്റ്റല്‍ വകുപ്പിൽ ജോലി ചെയ്തിരുന്നു. പിറവം കക്കാട് ഇലഞ്ഞിമറ്റത്തില് കുടുംബാംഗമാണ്. ഭര്‍ത്താവ് കുര്യാക്കോസ് ന്യൂയോര്‍ക്കില്‍ ആശുപത്രി ജീവനക്കാരനാണ്. മക്കള്‍: ഡോണി (പോലീസ്, യുഎസ്എ). സോണി (നഴ്സ്, യുഎസ്എ). മരുമക്കള്‍: അഞ്ജു, സുനീഷ് (ഇരുവരും നഴ്സ്, യുഎസ്എ).
യുഎഇയിലെ അജ്മാനിൽ പേരാവൂർ കോളയാട് പടിഞ്ഞാറയിൽ ഹാരിസ്(36) ആണ് കോവിഡ് ബാധിച്ചു മരിച്ചത്.
ലണ്ടനിലെ റെഡ് ഹില്ലില്‍ താമസിക്കുന്ന സിന്റോ, സറെ ആശുപത്രിയിൽ സ്റ്റാഫ് നഴ്സാണ്. മൂന്നാഴ്ച മുമ്പ് പനി ബാധിച്ചതിനെത്തുടർന്നു ചികിത്സയിലായിരുന്നു. ഒരാഴ്ചയോളമായി വെന്റിലേറ്ററിലായിരുന്നു. പത്തു വർഷമായി ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുകയാണ് സിന്റോ.
ചാലക്കുടി സ്വദേശിനിയായ നിമ്മിയാണ് ഭാര്യ. എലൈന (5 ), എഡ്വേഡ് (3 ), എൽമിയ (1 ) എന്നിവരാണ് മക്കൾ. സഹോദരങ്ങൾ: സിനോബി, സിസ്റ്റർ സിൻസി, സിബിൻ.
എഡ്വേഡിന്റെ മൂന്നാം പിറന്നാൾ ദിനമായിരുന്നു ഇന്നലെ. മൃതദേഹം അവസാനമായി ഒരു നോക്ക് കാണാനായി ഭാര്യ ഇന്നലെ ആശുപത്രിയിൽ എത്തിയെങ്കിലും സാധിച്ചില്ല.
കൊട്ടാരക്കര ഓടനാവട്ടം സ്വദേശിനിയായ ഇന്ദിര ലണ്ടനിൽ നഴ്സായ മൂത്തമകൾ ദീപയ്ക്കൊപ്പമായിരുന്നു. പക്ഷാഘാതം ഭേദമായതിനെത്തുടർന്ന് ഐസിയുവിൽ വാർഡിലേക്കു മാറ്റിയിരുന്നു. വാർഡിൽ ചികിത്സയിൽ കഴിയവേയാണു കോവിഡ് ബാധിച്ചത്. പക്ഷാഘാതം ഭേദമായപ്പോൾ നാട്ടിലേക്കു മടങ്ങാൻ ശ്രമിച്ചെങ്കിലും വിമാന സർവീസ് നിർത്തിയതോടെ നടന്നില്ല. ഇളയ മകൾ: ഗീത (ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ, അടൂർ മുനിസിപ്പാലിറ്റി). മരുമക്കൾ: ദീപക്, സജീവ്. കഴിഞ്ഞയാഴ്ച ബിർമിംഗ്ഹാമിൽ മരിച്ച ഡോക്ടർ ഹംസ പാച്ചേരിയുൾപ്പടെ മൂന്നു പേരാണ് യു കെയിൽ ഇതുവരെ കോവിഡ് മൂലം മരിച്ചത്. അയർലൻഡിലും ഒരു മലയാളി നഴ്സ് മരിച്ചിരുന്നു. കൊട്ടാരക്കര സ്വദേശി ഉമ്മൻ കിരിയാൻ 17 വർഷമായി ന്യൂയോർക്കിൽ സ്ഥിരതാമസമായിരുന്നു. മൂന്നു ദിവസം മുൻപ് തലവേദന അനുഭവപ്പെട്ടതിനെത്തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അവിടെ വച്ചു കോവിഡ് സ്ഥിരീകരിച്ചു. മക്കളും മരുമക്കളും ചെറുമക്കളും ന്യൂയോർക്കിലാണ്.
കോവിഡ് പശ്ചാത്തലത്തിൽ അവിടെ സ്വന്തമായി സ്ഥലം വാങ്ങി ഇന്നു സംസ്കാരം നടത്തുമെന്നു നാട്ടിലെ ബന്ധുക്കൾ അറിയിച്ചു. ഭാര്യ: കുഞ്ഞമ്മ. മക്കൾ: ശോഭ, പ്രഭ: മരുമക്കൾ: ശ്യാം ജോൺ, ബിൻസി. അജ്മാനിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഹാരിസിന്റെ മരണം. ആരോഗ്യനില മോശമായതിനെത്തുടര്‍ന്നു പരിശോധനയില്‍ കഴിഞ്ഞ ദിവസമാണ് കോവിഡ് സ്ഥിരീകരിച്ചത്.
ഹാരിസ് തലാൽ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ അജ്മാൻ സോൺ പിആർഒയും ഏരിയ മാനേജരുമായിരുന്നു. ഭാര്യ: കല്ലറയ്ക്കൽ ചെണ്ടയാട് സ്വദേശിനി മാര്യൻ വീട്ടിൽ ജസ്മിന. മക്കൾ: മുഹമ്മദ് ഹിജാൻ, ഷൈക്ക ഫാത്തിമ. സഹോദരങ്ങൾ: നിസാർ, മുത്തു, ഷാനവാസ്.
വീട്ടമ്മ ന്യൂയോർക്കിൽ മരിച്ചു
ചെങ്ങരൂര്‍ കാവുങ്കൽ പരേതരായ കെ.കെ. മത്തായിയുടെയും (വലിയ മല്പാന്) അന്നമ്മ മത്തായിയുടെയും മകളാണ്. മക്കള്‍: ജിനു ജോണ്‍ (നഴ്സ്), പരേതനായ ജിജു ജോണ്‍.