ന്യൂയോർക്ക്: ന്യൂയോർക്ക് നഗരത്തിലെ മൃഗശാലയിൽ കടുവയ്ക്ക് കോവിഡ്. ബ്രോങ്ക്സ് മൃഗശാലയിലെ നാഡിയ എന്ന നാലുവയസുകാരിക്കാണ് രോഗം. മലയൻ വംശജയായ നാഡിയയ്ക്ക്, രോഗലക്ഷണങ്ങൾ ഇല്ലാത്ത ഏതെങ്കിലും ജീവനക്കാരിൽനിന്നാകാം രോഗം പിടിച്ചതെന്നു മൃഗശാലയിലെ ചീഫ് വെറ്ററിനേറിയൻ പോൾ കല്ലെ പറഞ്ഞു.
നാഡിയയ്ക്കൊപ്പം സഹോദരി അസുലിനും മറ്റു രണ്ടു കടുവകൾക്കും മൂന്ന് ആഫ്രിക്കൻ സിംഹങ്ങൾക്കും ചെറിയ തോതിൽ രോഗലക്ഷണങ്ങളുണ്ട്. എന്നാൽ, കടുത്ത പനിയും മറ്റുമുണ്ടായ നാഡിയയെ മാത്രമാണ് വിശദമായി പരിശോധിച്ചത്. അനസ്തീഷ്യ കൊടുത്തുവേണം പരിശോധന എന്നതുകൊണ്ടാണ് ഒന്നിനെ മാത്രം വിശദമായി പരിശോധിച്ചത്. എക്സ്-റേ, അൾട്രാസൗണ്ട് പരിശോധനകളും രക്തപരിശോധനയും നടത്തിയാണു രോഗം സ്ഥിരീകരിച്ചത്.മാർച്ച് 16 മുതൽ മൃഗശാല അടച്ചിരിക്കുകയാണ്. 26-നാണ് കടുവയ്ക്ക് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്.
ബെൽജിയത്തിൽ രണ്ടു പൂച്ചകൾക്കും ഹോങ്കോംഗിൽ രണ്ടു വളർത്തുനായകൾക്കും കോവിഡ്-19 ഉള്ളതായി നേരത്തേ കണ്ടെത്തിയിരുന്നു. മൃഗങ്ങളിൽനിന്നാണ് കോവിഡ് മനുഷ്യരിലെത്തിയതെന്നാണ് കരുതപ്പെടുന്നത്.
കടുവയ്ക്കും കോവിഡ്
12:09 AM Apr 07, 2020 | Deepika.com