പ​രി​ശോ​ധ​ന ഇ​ല്ല; ക​ണ​ക്കി​ലും ഇ​ല്ല

12:23 AM Apr 06, 2020 | Deepika.com
ജ​നീ​വ: കോ​വി​ഡ്-19 മ​ഹാ​മാ​രി എ​ല്ലാ രാ​ജ്യ​ങ്ങ​ളി​ലും ഒ​രേ​പോ​ലെ​യ​ല്ല ആ​ക്ര​മി​ക്കു​ന്ന​ത്. എ​ന്നാ​ൽ, രോ​ഗ​വ്യാ​പ​നം സം​ബ​ന്ധി​ച്ച ക​ണ​ക്കു​ക​ളും മു​ഴു​വ​ൻ വി​ശ്വാ​സ്യ​മ​ല്ല എ​ന്ന നി​ല​യു​ണ്ട്. വേ​ണ്ട​ത്ര ആ​ൾ​ക്കാ​രി​ൽ രോ​ഗ​പ​രി​ശോ​ധ​ന ന​ട​ത്താ​ത്ത​തു​കൊ​ണ്ട് ഒ​ട്ടേ​റെ​പ്പേ​രി​ലെ രോ​ഗം ക​ണ​ക്കി​ൽ​പ്പെ​ടാ​തെ പോ​കു​ന്നു.

ചി​ല രാ​ജ്യ​ങ്ങ​ൾ ല​ക്ഷ​ണ​ങ്ങ​ൾ ന​ന്നാ​യി പ്ര​ക​ട​മാ​യി​ട്ടേ പ​രി​ശോ​ധ​ന ന​ട​ത്തൂ. മ​റ്റു ചി​ല രാ​ജ്യ​ങ്ങ​ൾ രോ​ഗി​യു​മാ​യി സ​ന്പ​ർ​ക്കം ഉ​ണ്ടാ​യ​വ​രെ പ​രി​ശോ​ധി​ക്കും. മ​റ്റി​ട​ങ്ങ​ളി​ൽ സ​ന്പ​ർ​ക്ക​ത്തി​ലു​ള്ള​വ​രെ നി​രീ​ക്ഷ​ണ​ത്തി​ൽ നി​ർ​ത്തു​ന്ന​തേ ഉ​ള്ളൂ. എ​ന്താ​യാ​ലും പ​രി​ശോ​ധ കൂ​ടും​തോ​റും രോ​ഗ​ബാ​ധ​യു​ടെ തോ​തും കൂ​ടു​ന്ന​താ​യി കാ​ണാം.

ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ൽ രോ​ഗ​ബാ​ധ​യു​ടെ തോ​ത് കു​റ​ഞ്ഞു​കാ​ണു​ന്ന​തി​ന് ഒ​രു കാ​ര​ണം പ​രി​ശോ​ധ​നാ സൗ​ക​ര്യ​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത​ത ത​ന്നെ​യാ​ണ്. പ​രി​ശോ​ധി​ച്ചു തി​രി​ച്ച​റി​യാ​ത്ത​തി​നാ​ൽ മ​ര​ണ​ങ്ങ​ൾ പോ​ലും കൃ​ത്യ​മാ​യി രേ​ഖ​പ്പെടു​ത്തു​ന്നി​ല്ല. താ​ര​ത​മ്യേ​ന മെ​ച്ച​പ്പെ​ട്ട ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ൾ ഉ​ള്ള രാ​ജ്യ​ങ്ങ​ളി​ൽ അ​തേ​സ​മ​യം കോ​വി​ഡ് കൂ​ടു​ത​ൽ പേ​രെ ആ​ക്ര​മി​ച്ച​താ​യി തെ​ളി​യു​ന്നു.

കോ​വി​ഡ് പ​രി​ശോ​ധ​ന​യു​ടെ കാ​ര്യ​ത്തി​ൽ ഇ​ന്ത്യ വ​ള​രെ​യ​ധി​കം പി​ന്നി​ലാ​ണ്. ഏ​പ്രി​ൽ നാ​ലു വ​രെ​യു​ള്ള ക​ണ​ക്ക​നു​സ​രി​ച്ച് 1,16,608 പേ​രി​ലാ​ണു രോ​ഗ​നി​ർ​ണ​യ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഇ​ത​നു​സ​രി​ച്ച് 3,588 പേ​രി​ൽ രോ​ഗം ക​ണ്ടെ​ത്തി. പ​ത്തു​ല​ക്ഷം പേ​രി​ൽ 84 പേ​ർ​ക്കാ​ണ് ഇ​ന്ത്യ ഈ ​പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പാ​ശ്ചാ​ത്യ രാ​ജ്യ​ങ്ങ​ളു​മാ​യി താ​ര​ത​മ്യം ചെ​യ്യു​ന്പോ​ൾ ഇ​തു വ​ള​രെ കു​റ​വാ​ണ്.

അ​മേ​രി​ക്ക പ​ത്തു​ല​ക്ഷ​ത്തി​ൽ 4,933 പേ​രി​ലും ജ​ർ​മ​നി 10,962 പേ​രി​ലും ഇ​റ്റ​ലി 10,870 പേ​രി​ലും ഒ​ക്കെ ഈ ​പ​രി​ശോ​ധ​ന ന​ട​ത്തി​യി​ട്ടു​ണ്ട്. ബ്ര​സീ​ൽ പോ​ലും പ​ത്തു ല​ക്ഷ​ത്തി​ൽ 258 പേ​രു​ടെ രോ​ഗ​പ​രി​ശോ​ധ​ന ന​ടത്തി.