ജനീവ: ആഗോള മഹാമാരി കോവിഡ്-19 അമേരിക്കയെയും യൂറോപ്പിനെയും പിടിച്ചുലയ്ക്കുന്നു. പ്രതിദിനം കാൽലക്ഷത്തിലേറെ അമേരിക്കക്കാർ കോവിഡ് ബാധിതരാണെന്നു തെളിയുന്നു. 35000-ത്തിലേറെ യൂറോപ്യരും ദിവസേന രോഗത്തിനടിപ്പെടുന്നു.
ആദ്യം ചൈനയുടെയും പിന്നെ ഏഷ്യയുടെയും (ഇറാൻ, ദക്ഷിണകൊറിയ, ജപ്പാൻ) പ്രശ്നമായിരുന്ന മഹാമാരി ഇപ്പോൾ യൂറോപ്പിനെയും അമേരിക്കയെയുമാണ് പ്രഹരിക്കുന്നത്.
സമീപദിവസങ്ങളിൽ പുതിയ രോഗബാധയുടെ കാര്യത്തിൽ ഒന്നാം സ്ഥാനത്തായിരുന്ന അമേരിക്ക ഇപ്പോൾ മരണസംഖ്യയിലും ഒന്നാംസ്ഥാനത്തു വന്നു. ഏപ്രിൽ ഒന്നിന് 1049 പേരാണ് അമേരിക്കയിൽ മരിച്ചത്. സ്പെയിനിൽ 923 പേർ എന്ന റിക്കാർഡ് കുറിച്ചപ്പോഴാണ് തലേന്നത്തേതിന്റെ ഇരട്ടിയോളം മരണം അമേരിക്കയിലുണ്ടായത്. ഇറ്റലിയിൽ അന്നത്തെ മരണം 727.
രോഗബാധയുടെ കാര്യത്തിൽ മറ്റേതൊരു രാജ്യത്തേക്കാളും വേഗമാണ് അമേരിക്കയിൽ. അവിടെത്തന്നെ ന്യൂയോർക്കും ന്യൂജഴ്സിയുമാണ് ഏറ്റവും മുന്നിൽ. ലോകത്തിൽ ജനസംഖ്യയിൽ മൂന്നാം സ്ഥാനത്തുള്ള അമേരിക്കയിൽ പത്തുലക്ഷം പേരിൽ 651 പേർക്കാണ് ഇപ്പോൾ രോഗംപിടിച്ചിട്ടുള്ളത്. ഇറ്റലിയിൽ ഇത് 1829-ഉം സ്പെയിനിൽ 2358-ഉം ആണ്. മറ്റു യൂറോപ്യൻ രാജ്യങ്ങളും ഈ കണക്കിൽ അമേരിക്കയേക്കാൾ കൂടുതൽ ശരാശരി രോഗബാധ കാണിക്കുന്നു. സ്വിറ്റ്സർലൻഡിൽ പത്തുലക്ഷം പേർക്ക് 2055 രോഗികൾ ഉണ്ട്. ബെൽജിയത്തിൽ 1324-ഉം ഓസ്ട്രിയയിൽ 1208-ഉം ജർമനിയിൽ 931-ഉം രോഗികൾ ഉണ്ട്.
ഇറ്റലിയിലും സ്പെയിനിലും രോഗബാധ കുറഞ്ഞുവരുന്നുണ്ടെന്ന് കണക്കുകൾ ഉദ്ധരിച്ചു രണ്ടുദിവസം മുന്പുവരെ പറഞ്ഞിരുന്നവർ ഇപ്പോൾ അത്ര ആത്മവിശ്വാസത്തിലല്ല. ഒന്നാമത്തെ വ്യാപനത്തിനു ശേഷം രണ്ടാമതും മൂന്നാമതും വ്യാപനത്തിനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. സ്പെയിനിൽ ശരാശരി രോഗബാധ വർധിച്ചുവരികയാണ്. ഇറ്റലിയിൽ കുറയുകയും കൂടുകയും ചെയ്തുകൊണ്ടിരിക്കുന്നു. ജർമനിയിലും സമീപദിവസങ്ങളിൽ രോഗബാധയുടെ തോത് കൂടിവരുന്നുണ്ട്.
യുകെയിൽ പുതിയ രോഗികളുടെ എണ്ണം മൂവായിരത്തിൽനിന്നു നാലായിരത്തിലേക്കു കയറി. മരണത്തോതിലും വർധനയുണ്ട്. ബെൽജിയം, നെതർലൻഡ്സ് തുടങ്ങിയ രാജ്യങ്ങളിൽ ഒരാഴ്ചയായി പുതിയ രോഗികളുടെ എണ്ണം പ്രതിദിനം ആയിരത്തിനു മുകളിലായി.
1918-19 ലെ സ്പാനിഷ് ഫ്ലൂ എന്നറിയപ്പെടുന്ന എച്ച് വൺ എൻ വൺ മാഹാമാരി യൂറോപ്പിൽ അന്നുണ്ടായിരുന്ന 25 കോടി ജനങ്ങളിൽ ഒരുശതമാനത്തിലേറെപ്പേരെ (26.4 ലക്ഷം) മരണത്തിലേക്കു നയിച്ചു. അന്ന് അമേരിക്കയിൽ ആറേമുക്കാൽ ലക്ഷം പേരാണ് മരണത്തിനിരയായത്. ഒരു നൂറ്റാണ്ടിനുശേഷം യൂറോപ്പും അമേരിക്കയും മറ്റൊരു മഹാമാരിയുടെ നടുവിലും ഈ ദുരന്ത ഓർമകൾ കൈവിട്ടിട്ടില്ല.
മഹാമാരിയിൽ വിറച്ച് രണ്ടു ഭൂഖണ്ഡങ്ങൾ
11:32 PM Apr 02, 2020 | Deepika.com