മുംബൈ: പത്തു പൊതുമേഖലാ ബാങ്കുകൾ ലയിച്ച് നാലു ബാങ്കുകളാകുന്ന പ്രക്രിയ ഇന്നു പൂർത്തിയാകും. കോവിഡ്-19 മൂലം ലയനച്ചടങ്ങ് വീഡിയോ കോൺഫറൻസ് വഴിയാകും നടത്തുക.
ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സിന്റെയും യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയുടെയും ശാഖകൾ ഇന്നു മുതൽ പഞ്ചാബ് നാഷണൽ ബാങ്കിന്റെ ശാഖകളായി പ്രവർത്തിക്കും. ആന്ധ്ര ബാങ്കിന്റെയും കോർപറേഷൻ ബാങ്കിന്റെയും ശാഖകൾ ഇന്നു മുതൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖകളായിരിക്കും. അലാഹാബാദ് ബാങ്ക് ശാഖകൾ ഇന്ത്യൻ ബാങ്കിന്റെയും സിൻഡിക്കറ്റ് ബാങ്ക് ശാഖകൾ കനറാ ബാങ്കിന്റെയും ശാഖകളായി പ്രവർത്തിക്കും.
ലയനത്തിന്റെ പേരിൽ ഉടനേ ശാഖകൾ അടച്ചുപൂട്ടില്ല. എന്നാൽ ക്രമേണ ശാഖകൾ പുനഃക്രമീകരിക്കും. രാജ്യാന്തര നിലവാരമുള്ള ബാങ്കുകളായി പൊതുമേഖലാ ബാങ്കുകളെ മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ലയനമെന്നു കേന്ദ്രസർക്കാർ പറയുന്നു.
ബാങ്ക് ലയനം ഇന്ന്
12:11 AM Apr 01, 2020 | Deepika.com