കോട്ടയം: കോറോണയുടെ ആഗോള നീരാളിപ്പിടിത്തത്തിൽ പാപ്പരായ റബർ കർഷകരുടെയും നിശ്ചലമായ വാണിജ്യ മേഖലയുടെയും മുറവിളിക്കു മുന്നിൽ സർക്കാരുകൾ മുഖംതിരിച്ചുനിൽക്കുന്നു. റബറിനെ മാത്രം ആശ്രയിച്ചു ജീവിതംപോറ്റുന്ന പത്തു ലക്ഷം ചെറുകിട കർഷകരും നാലു ലക്ഷം ടാപ്പിംഗ് തൊഴിലാളികളും നയാപൈസ വരുമാനമില്ലാതെ വലയുന്പോൾ ഇവർക്കു മാത്രം സർക്കാർ വക ആശ്വാസ പാക്കേജുമില്ല, സൗജന്യ റേഷനുമില്ല, പലവ്യഞ്ജനക്കിറ്റുമില്ല.
ഫെബ്രുവരി പകുതിയിൽ 135 രൂപയിൽ നിന്ന ഷീറ്റ് വില ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്പോൾ 118 രൂപ. ആർഎസ്എസ് ഗ്രേഡ് അഞ്ചിനു ഗ്രേഡിന് 115 രൂപ. ഫീൽഡ് ലാറ്റക്സിനു 108 രൂപ. വ്യാപാരം അനിശ്ചിതകാല അവധിയിലെത്തിയതോടെ നിലവിലെ കന്പോളവില ആർക്കുമറിയില്ല. രണ്ടാഴ്ചയായി റബർ വിൽക്കാൻ കടകളോ, മുന്‍പ് വിറ്റ റബറിനു പണമോ ഇല്ലാതെ ഞെരുങ്ങുകയാണ് കർഷകർ. കൈവശമുള്ള അൽപ്പം ഷീറ്റും ഒട്ടുപാലും വിൽക്കാൻ സാഹചര്യമുണ്ടായാൽ മാത്രമേ അരിയും പച്ചക്കറിയും പലവ്യഞ്ജനങ്ങളും വാങ്ങി വീട്ടിലൊതുങ്ങാൻ കർഷകർക്കു സാധിക്കൂ.
സംസ്ഥാന സർക്കാർ റബർ വിലസ്ഥിരതാ പദ്ധതിയിലെ കുടിശികയെങ്കിലും നൽകിയിരുന്നെങ്കിൽ എന്നാണ് ന്യായമായ ആവശ്യം. 2018-19 വർഷത്തിൽ 48 കോടി രൂപയുടെ സബ്സിഡി കുടിശികയുണ്ട്. 2019 ജൂലൈയിൽ തുടങ്ങിയ അവസാനത്തെ സ്കീമിനുശേഷം നയാപൈസയുടെ ഇൻസന്റീവ് കർഷകർക്കു ലഭിച്ചിട്ടില്ല. ഒരു കിലോ ഷീറ്റിന് 150 രൂപയും ഒരു കിലോ ലാറ്റക്സിന് 142 രൂപയും ഉറപ്പാക്കുന്ന ആശ്വാസപദ്ധതി കർഷകരുടെ ഏക പിടിവള്ളിയാണെന്ന് അവർ പറയുന്നു.
ലോക്ക് ഡൗണ്‍ പിൻവലിച്ചാലും മാസങ്ങൾ കാത്തിരിക്കേണ്ടിവരും ചരക്കുനീക്കം സുഗമമായി വ്യവസായശാലകൾ ചലിച്ചുതുടങ്ങാൻ. കൊറോണ തരിപ്പണമാക്കിയ ചൈന, അമേരിക്ക തുടങ്ങി വ്യവസായ രാജ്യങ്ങൾക്കു മാന്ദ്യം മറികടക്കാൻ വർഷങ്ങൾത്തന്നെ വേണ്ടി വന്നേക്കാം. റബർ കർഷകരെ നിലനിർത്താൻ ഇറക്കുമതി പൂർണമായി നിർത്തിവയ്ക്കുകയാണ് കേന്ദ്രസർക്കാർ ചെയ്യേണ്ടതെന്നു കർഷകർ പറയുന്നു. ലോക്ക് ഡൗണ്‍ മറികടന്നാലും കരുതലായുള്ള റബർ ടയർ കന്പനികൾ നിശ്ചയിക്കുന്ന തുച്ഛവിലയ്ക്കു വിൽക്കേണ്ട ഗതികേടാവും കർഷകർക്കുണ്ടാവുക. റബർ മേഖലയിൽ വിപണനവും പണനീക്കവും എന്നു പുനരാരംഭിക്കാനാവുമെന്നതും അചിന്തനീയമായ സാഹചര്യമാണ്.
വിലസ്ഥിരതാ പദ്ധതിയിലെ കുടിശിക കൊടുത്തുതീർക്കുന്നതിനൊപ്പം സർക്കാർ ഏജൻസികളും സർക്കാരിന്റെ സഹായത്തോടെ സഹകരണ ഏജൻസികളും ഈ ലോക്ക് ഡൗണ്‍ കാലത്തും റബർ വാങ്ങി സ്റ്റോക്ക് ചെയ്യാനും കർഷകർക്ക് മിനിമം തുക ഉറപ്പാക്കാനും നടപടിയെടുക്കണമെന്നാണ് ആവശ്യം.
റെജി ജോസഫ്
ജീവിതം വഴിമുട്ടിയ റബർ കർഷകർക്കും നൽകണം ആശ്വാസ പാക്കേജ്
11:48 PM Mar 30, 2020 | Deepika.com