മുംബൈ: ഉത്തേജകപദ്ധതിയെപ്പറ്റിയുള്ള പ്രതീക്ഷയും ധനകാര്യ സ്ഥാപനങ്ങളുടെ സഹായവും മൂലം ഓഹരിവിപണിയിൽ മികച്ച ആശ്വാസറാലി. തലേന്ന് അമേരിക്കൻ ഓഹരികൾ റിക്കാർഡ് നേട്ടം കുറിച്ചതും പ്രേരണയായി.
രാജ്യത്ത് 21 ദിവസത്തെ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചതിന്റെ ആശങ്കയോടെയാണ് വിപണി തുടങ്ങിയത്. പെട്ടെന്നുതന്നെ അമേരിക്കയുടെയും യൂറോപ്പിന്റെയും ആവേശം ഏറ്റുവാങ്ങി. അമേരിക്കയിൽ രണ്ടുലക്ഷം കോടി ഡോളറിന്റെ (150 ലക്ഷം കോടി രൂപ) ഉത്തേജക പാക്കേജാണു സെനറ്റും പ്രസിഡന്റ് ട്രംപിന്റെ ഭരണകൂടവും ചർച്ചചെയ്ത് ധാരണയായത്. ധാരണയാകുമെന്ന സൂചനയിൽ അമേരിക്കൻ ഓഹരികൾ ചൊവ്വാഴ്ച 12 ശതമാനത്തോളം കയറി. ഡൗ സൂചിക 20,000നു മുകളിലെത്തി. 1933നു ശേഷമുള്ള ഏറ്റം വലിയ ഉയർച്ചയായിരുന്നു ചൊവ്വാഴ്ച.
ഇന്ത്യയിൽ ബൃഹത്തായൊരു ഉത്തേജക പദ്ധതി ഈയാഴ്ച അവസാനം പ്രഖ്യാപിക്കുമെന്നാണു സൂചന. ഒന്നരലക്ഷം കോടി രൂപ മുതൽ മൂന്നു ലക്ഷം കോടി രൂപവരെ ഉത്തേജകപദ്ധതിക്കായി നീക്കിവയ്ക്കുമെന്നാണ് അഭ്യൂഹം. ദിവസക്കൂലിക്കാർക്കും ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവർക്കും ജൻധൻ അക്കൗണ്ടിലൂടെ പണം നൽകുന്നതു മുതൽ ഓഹരിവിപണിക്ക് ഒരു വിലസ്ഥിരതാ ഫണ്ട് വരെ പദ്ധതിയിൽ ഉണ്ടാകുമെന്നു പ്രതീക്ഷയുണ്ട്.
വിദേശനിക്ഷേപ സ്ഥാപനങ്ങൾ ഇപ്പോഴും ഇവിടെ നിക്ഷേപിക്കാൻ ഉത്സാഹിക്കുന്നില്ല. എന്നാൽ, പൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങൾ വലിയതോതിൽ ഓഹരികൾ വാങ്ങിക്കൂട്ടി.
സെൻസെക്സ് 2009നു ശേഷമുള്ള ഏറ്റവും വലിയ ഉയർച്ചയാണ് ഇന്നലെ കുറിച്ചത്. 1861.75 പോയിന്റ് (6.98 ശതമാനം) കയറിയ സെൻസെക്സ് 28,535.78ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 516.8 പോയിന്റ് (6.62 ശതമാനം) കയറി 8317.85ൽ ക്ലോസ് ചെയ്തു.
ഫേസ്ബുക്ക് റിലയൻസ് ജിയോയിൽ ഓഹരി എടുക്കുമെന്ന റിപ്പോർട്ട് റിലയൻസ് ഓഹരികൾക്ക് വലിയ ഉത്തേജനമായി. റിലയൻസ് ഓഹരി 20 ശതമാനം വരെ കയറി. ക്ലോസിംഗിൽ 14.65 ശതമാനമായിരുന്നു നേട്ടം. നിഫ്റ്റിയുടെ ഉയർച്ചയിൽ അഞ്ചിലൊന്നു റിലയൻസ് മൂലമായിരുന്നു.
ഉത്തേജകപദ്ധതി വേണ്ടത്ര വലുതും ഭാവനാപൂർണവും ആയില്ലെങ്കിൽ ഓഹരിവിപണി ഇപ്പോഴത്തെ ഉത്സാഹം നിലനിർത്തില്ല. ധനകമ്മിയും മറ്റും കണക്കാക്കാതെ അടിയന്തരസഹായവും മൂലധന നിക്ഷേപം കൂട്ടുന്ന പദ്ധതികളുമാണ് വിപണി പ്രതീക്ഷിക്കുന്നത്. ഇപ്പോൾ ഫാക്ടറികളടക്കം അടച്ചിട്ടുള്ള ലോക്ക് ഡൗണ് സന്പദ്ഘടനയിലെ ഉത്പാദനവിഭാഗത്തെ വലിയതോതിൽ പിന്നോട്ടടിക്കും.
60 ശതമാനം ഉത്പാദന മേഖലകളും നിശ്ചലമാണ്. ഇതിനു പുറമേ കാർഷികോത്പന്നങ്ങൾ ആവശ്യക്കാരില്ലാതെ നശിക്കുന്ന വിഷയവും ഉണ്ട്. നഗര-ഗ്രാമ വ്യത്യാസമില്ലാതെ വലിയ വരുമാനനഷ്ടമാണു നാട്ടിൽ ഉണ്ടാകുന്നത്.
ഉത്തേജകമോഹത്തിൽ വിപണി
11:07 PM Mar 25, 2020 | Deepika.com