വാഷിംഗ്ടൺ ഡിസി: വൈറ്റ്ഹൗസിൽ വിഭൂതി ബുധനോടനുബന്ധിച്ച് വിശുദ്ധ കുർബാനയും തിരുക്കർമ്മങ്ങളും നടന്നു. എക്സിക്യൂട്ടീവ് ഓഫീസ് കെട്ടിടത്തിലെ (ഇഇഒബി) സൗത്ത് ഓഡിറ്റോറിയത്തിലാണ് വിശുദ്ധകുർബാന അർപ്പിച്ചതെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങൾ അറിയിച്ചു. വൈറ്റ്ഹൗസിലെയും സീക്രട്ട് സർവീസിലെയും കത്തോലിക്കരായ നിരവധി ജീവനക്കാർ വിശുദ്ധ കുർബാനയിൽ സംബന്ധിച്ചു. വൈറ്റ്ഹൗസ് ആക്ടിംഗ് ചീഫ് ഓഫ് സ്റ്റാഫ് മൈക് മുൾവനി, പ്രസിഡന്റിന്റെ ഉപദേഷ്ടാവ് കെല്ലിയാൻ കോൺവേ, ഡൊമസ്റ്റിക്ക് പോളിസി കൗൺസിൽ ഡയറക്ടർ ജോ ഗോർഗൻ തുടങ്ങിയവർ പങ്കെടുത്തു.
ട്രംപ് ഭരണകൂടത്തിൽ ഓഫീസ് മാനേജ്മെന്റ് ആൻഡ് ബജറ്റ് ഡയറക്ടർ പദവിയിൽ മുൾവനി എത്തിയതു മുതലാണ് സൗത്ത് ഓഡിറ്റോറിയത്തിൽ വിഭൂതി ബുധനാഴ്ച വിശുദ്ധകുർബാന അർപ്പിക്കാൻ തുടങ്ങിയത്. പശ്ചാത്താപ ദിനത്തോടനുബന്ധിച്ച് ട്രംപ് പ്രസ്താവന പുറപ്പെടുവിച്ചു.
ഈ വിശുദ്ധദിനത്തിൽ എല്ലാവർക്കുമൊപ്പം പ്രാർഥനയിൽ പങ്കുചേരുകയാണെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഭാര്യ മെലാനിയയും പ്രസ്താവനയിൽ പറഞ്ഞു.
വൈറ്റ്ഹൗസിൽ വിഭൂതി ബുധൻ ആചരിച്ചു
12:26 AM Feb 28, 2020 | Deepika.com