സീയൂൾ: ചൈനയിൽ കൊറോണ വൈറസ് ബാധ ഒരുവിധം നിയന്ത്രണവിധേമായി വരുന്പോൾ മറ്റു രാജ്യങ്ങളിൽ രോഗം പടരുന്നത് ലോകത്തെ മുഴുവൻ ആശങ്കയിലാക്കി. ദക്ഷിണകൊറിയ, ഇറ്റലി, ഇറാൻ എന്നീ രാജ്യങ്ങളിൽ വൈറസ് ബാധ പടരുന്നതിന്റെ സൂചനകളാണ് ലഭിക്കുന്നത്.
ദക്ഷിണകൊറിയയിൽ രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണം അഞ്ചായി. 169 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 612 ആയി. ചൈനയ്ക്കുശേഷം ഏറ്റവും കൂടുതൽ രോഗികൾ ഇപ്പോൾ കൊറിയയിലാണ്. ജപ്പാനിൽ 769 കേസുകൾ ഉണ്ടെങ്കിലും ഇതിൽ 634ഉം ക്വാറന്റൈൻ ചെയ്തിട്ടിരിക്കുന്ന ഉല്ലാസക്കപ്പലുമായി ബന്ധപ്പെട്ടതാണ്.
ഇറ്റലിയിലും ഇറാനിലും രോഗബാധിതരുടെ എണ്ണം വർധിച്ചു. രോഗം കൂടുതൽ പേർക്കു പകരാതിരിക്കാനുള്ള മുൻകരുതലുകൾ ഇരു രാജ്യങ്ങളും എടുത്തുവരുന്നു.
കൊറിയ ആശങ്കയിൽ
ദക്ഷിണകൊറിയയിൽ പ്രസിഡന്റ് മൂൺ ജേ ഇന്നിന്റെ നേതൃത്വത്തിൽ വിദഗ്ധരും മന്ത്രിമാരും അടിയന്തര യോഗം ചേർന്നശേഷം രാജ്യത്ത് അതീവജാഗ്രത പ്രഖ്യാപിച്ചു. കാര്യങ്ങൾ ഗൗരവതരമാണെന്നും രോഗബാധ നിയന്ത്രിക്കുന്നതിൽ വരും ദിവസങ്ങൾ നിർണായകമാണെന്നും മൂൺ പറഞ്ഞു.
കിഴക്കൻ കൊറിയയിലെ ഡെയിഗു, ചെങ്ഡോ നഗരങ്ങളിലാണ് രോഗബാധ പടരുന്നത്. ഭൂരിഭാഗം രോഗികളും ഡെയിഗുവിലെ ഒരു മതസംഘടനയുമായും ചെങ്ഡോയിലെ ഒരു ആശുപത്രിയുമായും ബന്ധമുള്ളവരാണ്.
ഇറ്റലിയിൽ കടുത്ത നിയന്ത്രണങ്ങൾ
വടക്കൻ ഇറ്റലിയിൽ രോഗം ബാധിച്ച് രണ്ടു പേർ മരിച്ചു. രോഗബാധിതരുടെ എണ്ണം ഇന്നലെ നൂറിനു മുകളിലായി. വടക്കൻ ഇറ്റലിയിലെ ലൊംബാർഡി, വെനേറ്റോ മേഖലകളിൽ ക്വാറന്റൈൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
രണ്ടാഴ്ചത്തേക്ക് പ്രത്യേക അനുമതി കൂടാതെ ഈ മേഖലകളിലെ പത്തു നഗരങ്ങളിലേക്കുള്ള പ്രവേശനം നിരോധിച്ചു. ബിസിനസ് സ്ഥാപനങ്ങളും സ്കൂളുകളും പൂട്ടി. ഫുട്ബോൾ അടക്കം കായികവിനോദങ്ങൾ റദ്ദാക്കി.
ഇറാൻ ഭീതിയിൽ
അഞ്ചു മരണം റിപ്പോർട്ട് ചെയ്ത ഇറാനിൽ രോഗബാധ എല്ലാ നഗരങ്ങളിലും പടർന്നേക്കുമെന്ന് ആരോഗ്യമേഖലയിലെ അധികൃതർ മുന്നറിയിപ്പു നല്കി. 29 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
14 പ്രവിശ്യകളിലെ സ്കൂളുകൾ, യൂണിവേഴ്സിറ്റികൾ, സാംസ്കാരിക കേന്ദ്രങ്ങൾ മുതലായവ അടച്ചിടാൻ നിർദേശം നല്കി.
ചൈനയിൽ മരണം 2,442
ചൈനയിൽ 97 മരണങ്ങൾകൂടി റിപ്പോർട്ട് ചെയ്തു. മൊത്തം മരണസംഖ്യ 2,442. രോഗബാധിതരുടെ എണ്ണം 76,936.
ഉല്ലാസക്കപ്പലിലെ നാല് ഇന്ത്യക്കാർക്കുകൂടി രോഗം
ടോക്കിയോ: ജപ്പാനിലെ യോക്കോഹോമ തീരത്ത് ക്വാറന്റൈൻ
ചെയ്തിട്ടിരിക്കുന്ന ഉല്ലാസക്കപ്പലിലെ നാല് ഇന്ത്യൻ ജീവനക്കാർക്കുകൂടി രോഗം സ്ഥിരീകരിച്ചതായി ഇന്ത്യൻ എംബസി അറിയിച്ചു. ഇതോടെ കപ്പലിലെ ഇന്ത്യൻ രോഗികളുടെ എണ്ണം 12 ആയി. 132 ജീവനക്കാരും ആറ് യാത്രക്കാരും അടക്കം 138 ഇന്ത്യ ക്കാരാണ് കപ്പലിലുള്ളത്.
ഇറ്റലിയിൽ പത്തു നഗരങ്ങൾ അടച്ചു, ദക്ഷിണകൊറിയയിൽ അതീവജാഗ്രത
12:00 AM Feb 24, 2020 | Deepika.com