ഓഹരി അവലോകനം/ സോണിയ ഭാനു
ഇന്ത്യൻ ഓഹരി ഇൻഡെക്സുകൾ നേട്ടത്തിൽ നീങ്ങിയപ്പോൾ ആഗോള വിപണികളിൽ ഫണ്ടുകൾ ലാഭമെടുപ്പിനു മുൻതൂക്കം നൽകി. കൊറോണ വൈറസ് പ്രശ്നം യുഎസ്-യൂറോപ്യൻ മാർക്കറ്റുകളെ തളർത്തി. ഏഷ്യയിലെ പ്രമുഖ ഇൻഡെക്സുകൾ പലതും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. എന്നാൽ പ്രതിസന്ധികളില്ലെന്ന് വരുത്താൻ ചൈന ഷാങ്ഹായ് ഇൻഡെക്സ് നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ബോംബെ സെൻസെക്സ് 87 പോയിന്റുംനിഫ്റ്റി 33 പോയിന്റും പോയവാരം ഉയർന്നു.
ഡെറിവേറ്റീവ് മാർക്കറ്റിൽ ഈവാരം ഫെബ്രുവരി സീരീസ് സെറ്റിൽമെന്റ് നടക്കും. ഇതിനോട് അനുബന്ധിച്ച് വൻ ചാഞ്ചാട്ടത്തിനും ഇടയുണ്ട്. അതേസമയം അമേരിക്കൻ പ്രസിഡണ്ടിന്റെ ഇന്ത്യാ സന്ദർശനത്തിനു തിളക്കം പകരാൻ വിദേശ ഫണ്ടുകൾ നീക്കം നടത്തിയാൽ നിലവിലെ റേഞ്ചിൽനിന്ന് സൂചിക മുന്നേറ്റത്തിനുതുനിയും.
നിഫ്റ്റി 12,131 പോയിന്റിൽനിന്ന് പോയവാരം 12,150വരെ കയറി, ഒരുവേള സൂചിക 11,908 ലേക്കുതിരുത്തലും കാഴ്ചവച്ചു, വ്യാപാരം അവസാനിക്കുമ്പോൾ നിഫ്റ്റി 12,080 ലാണ്. നിഫ്റ്റിക്ക് 12,004 പോയിന്റ് ഏറെ നിർണായകമാവും.
20 ആഴ്ചകളിലെ ശരാശരിയായ 12,004 ലെ താങ്ങ് പ്രതിദിന ക്ലോസിംഗിൽ നഷ്ടപ്പെട്ടാൽ വിപണിയുടെ ദിശയിൽ മാറ്റം സംഭവിക്കാം.
സാങ്കേതിക വശങ്ങൾ വിലയിരുത്തിയാൽ സൂപ്പർ ട്രെൻഡ്, പാരാബോളിക് എന്നിവ ബുള്ളിഷാണ്. ഈവാരം നിഫ്റ്റിക്ക് 12,190ലും 12,300ലും പ്രതിരോധമുണ്ട്. വിൽപ്പന സമ്മർദം ഉടലെടുത്താൽ 11,939-11,798 പോയിന്റിൽ താങ്ങ് പ്രതീക്ഷിക്കാം.
ബോംബെ സെൻസെക്സ് 41,257 ൽനിന്ന് 41,420 പോയിന്റ് വരെ ഉയർന്നങ്കിലും വാരമധ്യം 40,610 ലേക്ക് ഇടിഞ്ഞശേഷം ക്ലോസിംഗിൽ 41,170 പോയിന്റിലാണ്. ഈവാരം 40,713 ലെ ആദ്യ താങ്ങ് നിലനിർത്തി 41,523 ലേക്ക് ഉയരാം. ഇതു വിജയിച്ചാൽ 41,876ൽ വീണ്ടും തടസം നേരിടാം. അതേസമയം ആദ്യതാങ്ങ് നഷ്ടപ്പെട്ടാൽ സൂചിക 40,256 ലേക്കു പരീക്ഷണങ്ങൾ നടത്താം.
മുൻവാരം സൂചിപ്പിച്ചപോലെതന്നെ രൂപയുടെ വിനിമയനിരക്കിൽ ഇടിവു സംഭവിച്ചു. ഫോറെക്സ് മാർക്കറ്റിൽ ഡോളറിനുമുന്നിൽ രൂപ 71.52 ൽനിന്ന് 71.86 ലേക്കുനീങ്ങി.
വിപണിയുടെ സാങ്കേതികവശങ്ങൾ വിലയിരുത്തിയാൽ മൂല്യത്തകർച്ച തുടരാം. ഈവാരം വിനിമയനിരക്ക് 71.57-72.14 റേഞ്ചിൽ നീങ്ങാം.
വിദേശനാണയ കരുതൽ ശേഖരം സർവകാല റിക്കാർഡിലേയ്ക്ക് ഉയർന്നു.
ഫെബ്രുവരി 14 വരെയുള്ള ആഴ്ചയിൽ രാജ്യത്തെ വിദേശനാണ്യ കരുതൽ ശേഖരം 3.091 ബില്യൺ ഡോളർ വർധിച്ച് 476.092 ബില്യൺ ഡോളറിലെത്തി.
ആഗോളവിപണിയിൽ ക്രൂഡ് ഓയിൽ വില 52.17 ഡോളറിൽനിന്ന് 54.40 ഡോളർ വരെ ഒരവസരത്തിൽ ഉയർന്നങ്കിലും വ്യാപാരാന്ത്യം എണ്ണവില 53.31 ഡോളറിലാണ്.
ഈ വാരം വില 52.24 ‐55.22 ഡോളർ റേഞ്ചിൽ വിപണി നീങ്ങാം. 3920 ലെ പ്രതിരോധം തകർക്കാനായില്ലെങ്കിൽ താഴ്ന്ന റേഞ്ചിലേക്ക് ക്രൂഡ് വില നീങ്ങാം.
വൈറസ് പേടിയിൽ ആഗോളവിപണി
11:59 PM Feb 23, 2020 | Deepika.com