വത്തിക്കാൻസിറ്റി: രക്തസാക്ഷി ദേവസഹായംപിള്ള വിശുദ്ധ പദവിയിലേക്ക്. പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ലാസർ എന്ന വാഴ്ത്തപ്പെട്ട ദേവസഹായംപിള്ളയുടെ മധ്യസ്ഥതയിൽ നടന്ന അദ്ഭുതം അംഗീകരിച്ചുകൊണ്ടാണ് അദ്ദേഹത്തെ വിശുദ്ധ പട്ടികയിലേക്കു ചേർക്കുന്നത്. ഭാരതസഭയിൽനിന്നു വിശുദ്ധ പദവിയിലേക്കുയരുന്ന ആദ്യ അല്മായനാണിദ്ദേഹം.
വിശുദ്ധരുടെ നാകരണത്തിനായുള്ള തിരുസംഘം ഇതിനായി സമർപ്പിച്ച രേഖകൾ ഫ്രാൻസിസ് മാർപാപ്പ അംഗീകരിച്ചു. ഇതുസംബന്ധിച്ച ഉത്തരവുകൾ പുറപ്പെടുവിക്കാൻ തിരുസംഘത്തിനു നിർദേശം നൽകി. ഇതോടൊപ്പം ഇറ്റലിയിലെ വാഴ്ത്തപ്പെട്ട മരിയാ ഫ്രാൻസെസ്ക ഡി ജേസുവിനെയും വിശുദ്ധ പട്ടികയിൽ ചേർക്കും.
കന്യാകുമാരി ജില്ലയിലെ നട്ടലം എന്ന സ്ഥലത്ത് 1712ൽ ഒരു ഹൈന്ദവ കുടുംബത്തിൽ ജനിച്ച നീലകണ്ഠപിള്ളയാണു പിന്നീടു ലാസർ ദേവസഹായംപിള്ളയായത്. തിരുവിതാംകൂറിൽ പടത്തലവനായിരുന്ന ഡച്ചുകാരൻ ബനഡിക്റ്റസ് യുസ്റ്റാച്ചിയോ ഡിലനായി (തിരുവിതാംകൂർ ചരിത്രത്തിൽ വലിയകപ്പിത്താൻ എന്നറിയപ്പെടുന്നത് ഇദ്ദേഹമാണ്)യാണ് ഇദ്ദേഹത്തെ ക്രിസ്തുമതത്തിലേക്ക് ആകർഷിച്ചത്. 1745-ൽ ഈശോസഭാംഗമായ ഫാ. ജ്യോവാനി ബുട്ടാരി ഇദ്ദേഹത്തിനു ജ്ഞാനസ്നാനം നൽകി. ലാസർ ദേവസഹായംപിള്ള എന്ന പേരു സ്വീകരിച്ചു.
തിരുവിതാംകൂർ രാജാവിന്റെ കീഴിൽ ഉദ്യോഗസ്ഥനായിരുന്നു അന്ന് അദ്ദേഹം. ഭാര്യ ഭാർഗവി അമ്മാളും ജ്ഞാനസ്നാനം സ്വീകരിച്ചു ക്രിസ്തുമതത്തിൽ ചേർന്നു. തെരേസ എന്നർഥം വരുന്ന ജ്ഞാനപ്പൂ അമ്മാൾ എന്ന പേര് സ്വീകരിച്ചു. വിരോധികൾ ഇദ്ദേഹത്തെപ്പറ്റി അപവാദം പ്രചരിപ്പിച്ചതിനാൽ തിരുവിതാംകൂർ ഭരണാധികാരികൾ ഇദ്ദേഹത്തെ വധശിക്ഷയ്ക്കു വിധിച്ചു. ഏറെ പീഡനങ്ങൾക്കു ശേഷമാണ് 1752 ജനുവരി 14-ന് ആരുവാമൊഴിക്കടുത്തു കാറ്റാടി മലയിൽവച്ച് ഇദ്ദേഹത്തെ വെടിവച്ചു വധിച്ചത്. വനത്തിലെറിയപ്പെട്ട ശരീരം പിന്നീടു നാഗർകോവിലിലെ സെന്റ് ഫ്രാൻസിസ് സേവ്യർ കത്തീഡ്രലിൽ സംസ്കരിച്ചു.
അദ്ദേഹത്തിന്റെ നാമകരണത്തിനു സുദീർഘ കാലമായി ആവശ്യമുയർന്നിരുന്നെങ്കിലും 1993-ലാണു കോട്ടാർ രൂപത കാനോനിക നടപടികൾ ആരംഭിച്ചത്. വിശ്വാസത്തിനുവേണ്ടി ധീരരക്തസാക്ഷിയായ ദേവസഹായംപിള്ളയെ 2012 ഡിസംബർ രണ്ടിനാണു വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്. നാമകരണ തീയതി പിന്നീടേ തീരുമാനിക്കൂ.
ദേവസഹായംപിള്ളയോടൊപ്പം നാകരണം ചെയ്യപ്പെടുന്ന വാഴ്ത്തപ്പെട്ട മരിയ ഡി ജേസു, കപ്പൂച്ചിൻ ടെർഷ്യറി സിസ്റ്റേഴ്സ് ഓഫ് ലൊവാനോയുടെ സ്ഥാപകയാണ്. ഇറ്റലിയിലെ കർമഞ്ഞോളയിൽ ജനിച്ച അന്നാമരിയ റുബാത്തോയാണ് വാഴ്ത്തപ്പെട്ട മരിയ ആയത്. 1844ൽ ജനിച്ച ഇർ 1904ൽ ഉറുഗ്വേയിലെ മോണ്ടെ വീഡിയോ നഗരത്തിലാണ് അന്തരിച്ചത്.
ദേവസഹായംപിള്ള വിശുദ്ധപദവിയിലേക്ക്
12:01 AM Feb 23, 2020 | Deepika.com