മെൽബൺ: ഉയരക്കുറവുണ്ടെന്ന കാരണത്താല്‍ കളിയാക്കലുകള്‍ ഏറ്റുവാങ്ങി ഹൃദയം വിങ്ങിയ ഒന്‍പതു വയസുകാരനു പിന്തുണയുമായി ലോകമെന്പാടുംനിന്നു പ്രമുഖർ. ഉയരമില്ലെന്ന കാരണത്താല്‍ സ്കൂളില്‍ സഹപാഠികള്‍ അപമാനിക്കുന്നുണ്ടെന്നു പൊട്ടിക്കരഞ്ഞുകൊണ്ട് അമ്മയോടു സങ്കടം പറയുന്ന ക്വാഡന് ബെയില്‍സിന്റെ ദൃശ്യങ്ങള്‍ തീമഴ പോലെയാണ് ഓരോരുത്തരുടെയും മനസിലേക്കു കത്തിയിറങ്ങിയത്.
ഹോളിവുഡ് താരം ഹ്യൂ ജാക്ക്മാൻ, അമേരിക്കന്‍ കൊമേഡിയന്‍ ബ്രാഡ് വില്യംസ് കൂടാതെ ഓസ്ട്രേലിയയുടെ ദേശീയ റഗ്ബി താരങ്ങള്‍ എന്നിവരെല്ലാം ക്വാഡനു പിന്തുണയുമായി രംഗത്തെത്തി. വിചാരിക്കുന്നതിനേക്കാള്‍ ശക്തനാണ് നീയെന്നാണ് ഹ്യൂ ജാക്ക്മാന് പറഞ്ഞത്.
250,000 യുഎസ് ഡോളറാണ് ക്വാഡനു വേണ്ടി ബ്രാഡ് വില്യംസ് സമാഹരിച്ചത്. എന്‍ആര്‍എല്‍ ഓള് സ്റ്റാര്‍സ് മാര്‍ച്ചില്‍ ടീമിനെ ഫീല്‍ഡിലേക്കു നയിക്കുന്നതിനായി ക്വാഡനെ ക്ഷണിക്കുന്നതായും അവര്‍ അറിയിച്ചു. ഇന്ത്യയിൽനിന്നും ക്വാഡനു പിന്തുണയെത്തി. മലയാളികളുടെ പ്രിയപ്പെട്ട ഗിന്നസ് പക്രുവും ഫേസ്ബുക്കിൽ പിന്തുണ കുറിപ്പിട്ടു. ഉയരക്കുറവിന്റെ പേരിൽ നിന്നെപ്പോലെ ഞാനും പലവട്ടം അപമാനിതനായിട്ടുണ്ടെന്നും തളരാതെ ധീരനായി മുന്നോട്ടു പോകണമെന്നുമാണ് ഗിന്നസ് പക്രു കുറിച്ചത്.
“എന്നെയൊന്ന് കൊന്നു തരുമോ?. ഹൃദയത്തിലേക്കു കത്തി കുത്തിയിറക്കാനാണ് തോന്നുന്നത്. ഒരു കയര്‍ തരൂ. ഞാന്‍ ജീവിതം അവസാനിപ്പിക്കാം’’. എന്നാണ് ക്വാഡന് ഹൃദയം നൊന്തു അമ്മയോട് പറഞ്ഞത്. സഹപാഠികളുടെ നിരന്തരമായ കളിയാക്കലുകള്‍ സഹിക്ക വയ്യാതെയാണ് ബെയിൽസ് ഇങ്ങനെ പറഞ്ഞത്. ബെയിൽസിന്റെ അമ്മയാണ് ഈ ദൃശ്യങ്ങള്‍ ഫേസ്ബുക്ക് ലൈവിലൂടെ ലോകത്തെ അറിയിച്ചത്. അതേസമയം, അമ്മ അവനെ ആശ്വസിക്കുന്നതിനു പകരം ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയായിരുന്നെന്ന് വിമർശിച്ചും ചിലർ രംഗത്തെത്തിയിട്ടുണ്ട്.
“വിചാരിക്കുന്നതിനേക്കാള്‍ ശക്തനാണ് നീ’’; ഹൃദയം നൊന്ത ക്വാഡനു പിന്തുണയുമായി താരങ്ങള്‍
12:01 AM Feb 23, 2020 | Deepika.com