തിരുവനന്തപുരം: കേരള ഫിനാൻഷൽ കോർപറേഷൻ മാനുഷിക പരിഗണനയോടെ പ്രവർത്തിക്കുന്ന സ്ഥാപനമാണെന്നു ധനമന്ത്രി ഡോ.തോമസ് ഐസക്. വ്യവസായ സംരംഭകരുടെ വർഷങ്ങളായി കെട്ടിക്കിടക്കുന്ന കിട്ടാക്കടങ്ങൾ ഉദാരമായി തീർപ്പാക്കുന്നതിനായി കെഎഫ്സി ആസ്ഥാന ഓഫീസിൽ സംഘടിപ്പിച്ച മിനി അദാലത്ത് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നോണ്‍ ബാങ്കിംഗ് സേവനങ്ങളിൽ ഏറ്റവും മികച്ച സേവനമാണ് കെഎഫ്സി നൽകുന്നത്. അദാലത്ത് വഴി വ്യവസായ സംരംഭകർക്ക് ആശ്വാസമേകുന്ന കോർപറേഷനെ ധനമന്ത്രി അഭിനന്ദിച്ചു. ലാഭത്തിൽ പ്രവർത്തിച്ചുകൊണ്ട് മാനുഷിക പരിഗണയോടുകൂടി പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഒരേ ഒരു ഫിനാൻസ് കോർപറേഷനാണ് കെഎഫ്സി യെന്നും ഡോ.തോമസ് ഐസക് കൂട്ടിച്ചേർത്തു.
അദാലത്തിൽ പ്രളയ ദുരന്ത ബാധിതരും, രോഗങ്ങളാലും മറ്റും ക്ലേശമനുഭവിക്കുന്നവരുമായ ഇരുനൂറിലേറെ അപേക്ഷകരാണ് പങ്കെടുത്തത്. അദാലത്തിൽ പങ്കെടുത്ത ബഹുഭൂരിപക്ഷം അപേക്ഷകരുടേയും വായ്പകൾ നിബന്ധനകൾക്കനുസരിച്ച് റിട്ട. ജില്ലാ ജഡ്ജിയും, കോർപറേഷൻ സിഎംഡിയും ഉൾപ്പെട്ട ഉന്നത സമിതി പരിശോധിച്ചു തീർപ്പക്കുന്നതിനു തീരുമാനിച്ചു. കോർപ്പറേഷൻ സിഎംഡി സഞ്ജയ് കൗൾ സ്വാഗതം പറഞ്ഞ ചടങ്ങിൽ റിട്ടയേർഡ് ജില്ലാ ജഡ്ജി സതീഷ് എ. ചന്ദ്രബാബു പ്രസംഗിച്ചു. കെഎഫ്സി എക്സിക്യൂട്ടീവ് ഡയറക്ടർ പ്രേംനാഥ് രവീന്ദ്രനാഥ് നന്ദി പറഞ്ഞു.
കെഎഫ്സി മാനുഷിക പരിഗണനയോടെ പ്രവർത്തിക്കുന്ന സ്ഥാപനം: ധനമന്ത്രി
11:23 PM Feb 20, 2020 | Deepika.com