മാസേരു: ആദ്യ ഭാര്യ കൊല്ലപ്പെട്ട കേസിൽ ലെസെത്തോ പ്രധാനമന്ത്രി തോമസ് തബാനയ്ക്കെതിരേ കൊലക്കുറ്റം ചുമത്തും. തബാനയുടെ രണ്ടാം ഭാര്യ മയേസിയയെ പോലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. തെക്കനാഫ്രിക്കയിൽ ആദ്യമായിട്ടാണ് ഒരു ഭരണാധികാരി അധികാരത്തിലിരിക്കേ കൊലക്കേസിൽ പ്രതിയാകുന്നത്.
തബാനയുടെ ആദ്യ ഭാര്യ ലിപ്പോളിയ 2017 ജൂണിൽ അജ്ഞാതരുടെ വെടിയേറ്റു മരിക്കുകയായിരുന്നു. ലിപ്പോളിയയുമായി അകൽച്ചയിലായിരുന്ന തബാനെ മയേസിയയ്ക്കൊപ്പമാണ് താമസിച്ചിരുന്നത്. തബാനെ പ്രധാനമന്ത്രിപദം ഏറ്റെടുക്കുന്നതിന് രണ്ടു ദിവസം മുന്പായിരുന്നു കൊലപാതകം. കൊലപാതകസ്ഥലത്തുനിന്നുള്ള ഒരു കോൾ തബാനെയുടെ ഫോണിലേക്കായിരുന്നുവെന്ന് അന്വേഷണസംഘം കണ്ടെത്തി.
പ്രധാനമന്ത്രിക്കെതിരേ കൊലക്കുറ്റം ചുമത്തുമെന്ന് പോലീസ് ഇന്നലെ അറിയിച്ചു. ഇതിനു പിന്നാലെ, പ്രായാധിക്യം മൂലം ജൂലൈയിൽ അധികാരം ഒഴിയുമെന്ന് താബാനെ പ്രഖ്യാപിച്ചു. താബാനയ്ക്ക് 80 വയസുണ്ട്.
ഭാര്യ കൊല്ലപ്പെട്ട കേസിൽ ലെസെത്തോ പ്രധാനമന്ത്രിക്കെതിരേ കുറ്റം ചുമത്തും
11:11 PM Feb 20, 2020 | Deepika.com