“താത്പര്യമുണ്ടായിട്ടല്ല, നിവൃത്തികേടുകൊണ്ടാണ്’’ കൊറോണ, ദുരിതംവിതച്ച ചൈനയിൽ ജിറാഫിന്റെ വേഷംകെട്ടി ആശുപത്രിയിലെത്തിയ യുവതിയുടെ വാക്കുകളാണിത്. ചൈനയുടെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ സിച്ചുവാനിലെ ലുസോഹുവിലുള്ള ആശുപത്രിയിൽ കഴിഞ്ഞ ദിവസമാണ് പേരു വെളിപ്പെടുത്താത്ത യുവതി ജിറാഫിന്റെ രൂപത്തിലുള്ള പ്ലാസ്റ്റിക് വസ്ത്രം അണിഞ്ഞെത്തിയത്.
എന്തിനു നിങ്ങൾ ജിറാഫിന്റെ വേഷം കെട്ടി? കൗതുകക്കാഴ്ചയൊരുക്കേണ്ട സമയമാണോ ഇത്? എന്നിങ്ങനെയുള്ള ചോദ്യശരങ്ങൾ അനേകരിൽനിന്നുയർന്നതോടെ മറുപടിയുമായി യുവതിതന്നെ രംഗത്തെത്തുകയായിരുന്നു.“കാലാവധി കഴിഞ്ഞ മാസ്ക് മാത്രമാണു ഞങ്ങളുടെ കൈയിലുള്ളത്. നിരന്തരമായ ഉപയോഗംമൂലം അതാകട്ടെ നശിക്കാറുമായിരിക്കുന്നു. ഇവിടത്തെ ഒരു കടയിൽപ്പോലും മാസ്കോ മറ്റ് സംരക്ഷണ ഉപകരണങ്ങളോ കിട്ടാനില്ല. എന്റെ അച്ഛനു ചികിത്സ തേടേണ്ടത് അത്യാവശ്യമായിരുന്നതിനാലാണ് ആശുപത്രിയിലെത്തിയത്. കീറിപ്പറിഞ്ഞ ഈ മാസ്ക് ധരിച്ച് ഞാനെങ്ങനെ പുറത്തിറങ്ങും ? മറ്റൊരു വഴിയുമില്ലാതെ വന്നതോടെയാണ് ദേഹം മുഴുവൻ മൂടുന്ന തരത്തിലുള്ള ജിറാഫ് സ്യൂട്ട് ഇട്ടത്”.- യുവതി പറഞ്ഞു.
കൊറോണയെ നേരിടാൻ ആവശ്യമായ സുരക്ഷാ ഉപകരണങ്ങളും മറ്റും ചൈനയിൽ കിട്ടാനില്ലെന്നു നേരത്തേതന്നെ റിപ്പോർട്ടുകൾ വന്നിരുന്നു.
പല രാജ്യങ്ങളും സഹായഹസ്തം നീട്ടിയിട്ടുണ്ടെങ്കിലും രാജ്യത്തെ സുരക്ഷാ സാമഗ്രികളുടെ കടുത്ത ക്ഷാമം വെളിവാക്കുകയാണ് ജിറാഫ് വേഷംമിട്ട ചൈനീസ് യുവതിയുടെ ചിത്രങ്ങൾ.
മാസ്ക് കിട്ടാനില്ല, സുരക്ഷയ്ക്ക് ജിറാഫ് വേഷമിട്ട് ചൈനീസ് യുവതി
11:52 PM Feb 19, 2020 | Deepika.com