തിരുവനന്തപുരം: അമിത വിമാനയാത്രാ നിരക്ക് മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന പ്രവാസി മലയാളികൾക്ക് ആശ്വാസമായി കുവൈറ്റ് എയർവേയ്സിൽ നോർക്ക ഫെയർ നിലവിൽ വന്നു. നോർക്ക റൂട്ട്സും കുവൈറ്റ് എയർവേയ്സുമായി ഇതു സംബന്ധിച്ച് ധാരണയായി. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ. ഹരികൃഷ്ണൻ നമ്പൂതിരിയും കുവൈറ്റ് എയർവേയ്സ് സെയിൽസ് മാനേജർ സുധീർ മേത്തയും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു.
ധാരണയുടെ അടിസ്ഥാനത്തിൽ കുവൈറ്റ് എയർവേയ്സിൽ യാത്ര ചെയ്യുന്ന പ്രവാസി മലയാളികൾക്ക് അടിസ്ഥാന യാത്രാനിരക്കിൽ ഏഴു ശതമാനം ഇളവ് ലഭിക്കും. നോർക്ക ഫെയർ എന്നറിയപ്പെടുന്ന ഈ ആനുകൂല്യത്തിന് നോർക്ക ഐഡി കാർഡുള്ള പ്രവാസിക്കും ജീവിതപങ്കാളിക്കും 18 വയസിൽ താഴെയുള്ള കുട്ടികൾക്കും ഈ ഇളവ് ലഭിക്കും. പ്രവാസികൾക്ക് കാലാകാലങ്ങളായി ഉയർന്ന യാത്രാനിരക്ക് മൂലമുള്ള ബുദ്ധിമുട്ടിന് നോർക്ക ഫെയർ ആശ്വാസകരമാകും. നോർക്ക റൂട്ട്സ് ഐഡി കാർഡുടമകൾക്ക് ഈ പ്രത്യേക ആനുകൂല്യം ഫെബ്രുവരി 20 മുതൽ ലഭിക്കും.
ചടങ്ങിൽ നോർക്ക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ. ഇളങ്കോവൻ, ജോയിന്റ് സെക്രട്ടറി കെ.ജനാർദനൻ, നോർക്ക റൂട്ട്സ് ജനറൽ മാനേജർ ഡി. ജഗദീശ് തുടങ്ങിയവർ പങ്കെടുത്തു.
കുവൈറ്റ് എയർവേയ്സിന്റെ വെബ്സെറ്റിലൂടെയും എയർവേയ്സിന്റെ ഇന്ത്യയിലെ സെയിൽസ് ഓഫീസുകൾ മുഖേനയും പ്രവാസി മലയാളികൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം. ഇതിനായി NORKA20 എന്ന Promo Code ഉപയോഗിക്കാവുന്നതാണ്. കുടുതൽ വിവരങ്ങൾ നോർക്ക റൂട്ട്സിന്റെ ടോൾഫ്രീ നമ്പരായ 1800 425 3939 (ഇന്ത്യയിൽ നിന്നും), 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം) ലഭിക്കും.
പ്രവാസി മലയാളികൾക്ക് യാത്രാനിരക്കിൽ ഇളവുമായി കുവൈറ്റ് എയർവേയ്സ്
11:57 PM Feb 18, 2020 | Deepika.com