ബെയ്ജിംഗ്: കൊറോണ വൈറസ് രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണം 1,018 ആയെന്നു ചൈനീസ് അധികൃതർ അറിയിച്ചു. ഇന്നലെ മാത്രം 108 പേർക്കു ജീവഹാനി നേരിട്ടു. ഇവരിൽ 103 പേരും ഹുബെയ് പ്രവിശ്യക്കാരാണ്. പുതുതായി 2,478 പേർക്കു രോഗബാധയുള്ളതായി കണ്ടെത്തി. ഇതോടെ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 42,638 ആയെന്ന് ദേശീയ ആരോഗ്യ കമ്മീഷൻ സ്ഥിരീകരിച്ചു.
കൊറോണ വൈറസ് വൻ ഭീഷണിയായി മാറിയിരിക്കുകയാണെന്നു ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഡ്ഹനോം മുന്നറിയിപ്പു നൽകി. കൊറോണയെക്കുറിച്ചു ചർച്ച ചെയ്യാൻ ജനീവയിൽ ചേർന്ന ദ്വിദിന കോൺഫ്റൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈറസ് പടരാനിടയായതു സംബന്ധിച്ചും പ്രതിരോധ വാക്സിൻ തയാറാക്കുന്നതു സംബന്ധിച്ചും യോഗം ചർച്ച നടത്തും. 400 ശാസ്ത്രജ്ഞർ പങ്കെടുക്കുന്നുണ്ട്.
രോഗവ്യാപനം തടയുന്നതിനും ജനങ്ങളുടെ ജീവൻ രക്ഷിക്കുന്നതിനുമാണ് മുൻഗണന നൽകേണ്ടതെന്ന് ടെഡ്രോസ് ചൂണ്ടിക്കാട്ടി. ചൈനയിലെ വുഹാൻ നഗരത്തിൽ പൊട്ടിപ്പുറപ്പെട്ട രോഗം 25 രാജ്യങ്ങളിൽ പടർന്നു പിടിച്ചു. നിരവധി രാജ്യങ്ങൾ ചൈനയിൽനിന്നുള്ള യാത്രികർക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. ജപ്പാൻ തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന ആഡംബര കപ്പൽ ഡയമണ്ട് പ്രിൻസസിലെ 135 പേർക്കു രോഗം ബാധിച്ചിട്ടുണ്ടെന്നു പരിശോധനയിൽ തെളിഞ്ഞു. കപ്പലിൽ 3,711 പേരാണുള്ളത്.
വുഹാനിൽ നിയന്ത്രണംകർക്കശമാക്കി
കൊറോണ വൈറസ് ആദ്യം പ്രത്യക്ഷപ്പെട്ട ചൈനയിലെ ഹുബെയ് പ്രവിശ്യാ തലസ്ഥാനമായ വുഹാനിൽ നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കി. പനിയുള്ളവർ തങ്ങൾ താമസിക്കുന്ന ഡിസ്ട്രിക്ടിലെ നിശ്ചിത ആശുപത്രിയിൽ മാത്രമേ ചികിത്സ തേടാവൂ. നഗരത്തിലെ ജനവാസ കേന്ദ്രങ്ങളിലെ താമസക്കാർ പുറത്തിറങ്ങുന്നത് നിരോധിച്ചു. വുഹാൻ നഗരത്തിലേക്കും നഗരത്തിൽനിന്നുമുള്ള യാത്ര വിലക്കിക്കൊണ്ട് ജനുവരി 23നു പുറപ്പെടുവിച്ച ഉത്തരവു നിലനിൽക്കേയാണു കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തിയത്.
വുഹാൻ ഉൾപ്പെടെ 17 നഗരങ്ങൾ അടച്ചിട്ടിരിക്കുകയാണ്. മറ്റു പ്രവിശ്യകളിലെ നിയന്ത്രണങ്ങളിൽ അയവു വരുത്തുകയും ഓഫീസുകളും ഫാക്ടറികളും ഭാഗികമായി പ്രവർത്തനം പുനരാരംഭിക്കുകയും ചെയ്തിരുന്നു.
ഇതിനിടെ വൈറസ് ബാധ മൂർധന്യത്തിലെത്തുന്പോഴേക്കും വുഹാനിലെ അഞ്ചുലക്ഷത്തോളം പേർക്കു രോഗം പിടിപെട്ടിരിക്കാൻ സാധ്യതയുണ്ടെന്ന് ലണ്ടൻ സ്കൂൾ ഓഫ് ഹൈജീൻ ആൻഡ് ട്രോപ്പിക്കൽ മെഡിസിൻ നടത്തിയ പഠനം പ്രവചിക്കുന്നു. ഏപ്രിലിലോടെ വൈറസ് ബാധയെ നിയന്ത്രിക്കാനാവുമെന്നു ചൈനീസ് വിദഗ്ധർ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
കൊറോണ മരണം 1,018; സ്ഥിതി ഗുരുതരമെന്നു ലോകാരോഗ്യ സംഘടന
12:22 AM Feb 12, 2020 | Deepika.com