മുംബൈ: ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ ഏർപ്പെടുത്തിയ ബാങ്കിംഗ് ടെക്നോളജി അവാർഡ്സ് 2020ൽ സൗത്ത് ഇന്ത്യൻ ബാങ്കിനു മികച്ച നേട്ടം. ആറു വിഭാഗങ്ങളിൽ പുരസ്കാരം നേടി മികച്ച പ്രകടനമാണു സൗത്ത് ഇന്ത്യൻ ബാങ്ക് കാഴ്ചവച്ചത്. മൊത്തം എട്ടു വിഭാഗങ്ങളാണുണ്ടായിരുന്നത്.
മികച്ച ടെക്നോളജി ബാങ്ക് ഓഫ് ദി ഇയർ- ചെറിയ ബാങ്കുകൾക്കിടയിൽ ഒന്നാംസ്ഥാനം, ബിസിനസ് ഫലത്തിനായി ഡാറ്റയുടെയും അനലിറ്റിക്സിന്റെയും മികച്ച ഉപയോഗം- ചെറിയ ബാങ്കുകൾക്കിടയിൽ ഒന്നാംസ്ഥാനം, മികച്ച ഐടി റിസ്ക് മാനേജ്മെന്റ് ആൻഡ് സൈബർ സെക്യൂരിറ്റി ഉദ്യമങ്ങൾ- ചെറിയ ബാങ്കുകൾക്കിടയിൽ സംയോജിത ഒന്നാം സ്ഥാനം, മികച്ച പേയ്മെന്റ് ഉദ്യമം- സ്വകാര്യ മേഖലാ ബാങ്കുകൾക്കിടയിൽ ജോയിന്റ് റണ്ണർ അപ്, ടെക്നോളജി ഉപയോഗിക്കുന്ന ഏറ്റവും ഉപഭോക്തൃ കേന്ദ്രീകൃതമായ ബാങ്ക്- ചെറിയ ബാങ്കുകൾക്കിടയിൽ, മികച്ച സിഐഒ- റണ്ണർ അപ് എന്നീ പുരസ്കാരങ്ങളാണ് സൗത്ത് ഇന്ത്യൻ ബാങ്ക് നേടിയത്.
സൗത്ത് ഇന്ത്യൻ ബാങ്ക് സിജിഎം ആൻഡ് സിഐഒ ടി.ജെ. റാഫേൽ, ജെജിഎമ്മും ഡിജിറ്റൽ ബാങ്കിംഗ് വിഭാഗം മേധാവിയുമായ സോണി. എഡിജിഎമ്മും ഐടി ഓപ്പറേഷൻസ് വിഭാഗം മേധാവിയുമായ ഇ. ജോസ് സെബാസ്റ്റ്യൻ എന്നിവർ ചേർന്ന്, മുംബൈയിൽ നടന്ന ഐബിഎയുടെ 15-ാമത് വാർഷിക ബാങ്കിംഗ് ടെക്നോളജി കോണ്‍ഫറൻസ്, എക്സ്പോ ആൻഡ് അവാർഡ്സിൽ പുരസ്കാരങ്ങൾ സ്വീകരിച്ചു.
ടാറ്റ കണ്‍സൾട്ടൻസി സർവീസസ് എംഡി ആൻഡ് സിഇഒ രാജേഷ് ഗോപിനാഥ്, എസ്ബിഐയുടെയും ഐബിഎയുടെയും ചെയർമാൻ രജനീഷ് കുമാർ എന്നിവർ ചേർന്നാണ് പുരസ്കാരങ്ങൾ സമ്മാനിച്ചത്. ചടങ്ങിൽ പ്രമുഖ സിഇഒമാരും എക്സിക്യൂട്ടീവ് ഡയറക്ടർമാരും ടെക്നോ ബാങ്കർമാരും സന്നിഹിതരായിരുന്നു.
സൗത്ത് ഇന്ത്യൻ ബാങ്കിന് ആറ് ഐബിഎ പുരസ്കാരങ്ങൾ
12:19 AM Feb 11, 2020 | Deepika.com