വാഷിംഗ്ടൺ ഡിസി: ടിബറ്റൻ ആത്മീയാചാര്യനായ ദലൈലാമയുടെ പിൻഗാമിയെ വാഴിക്കുന്നതിൽനിന്ന് ചൈനയെ തടയാൻ ലക്ഷ്യമിട്ടുള്ള ബിൽ യുഎസ് ജനപ്രതിനിധി സഭ പാസാക്കി. ഇതിനു തുനിയുന്ന ചൈനീസ് ഉദ്യോഗസ്ഥർക്കെതിരേ ഉപരോധം ഏർപ്പെടുത്താൻ ബില്ലിൽ നിർദേശിക്കുന്നു. ഇതിനു പുറമേ, ചൈനയ്ക്ക് യുഎസിൽ പുതിയ എംബസി തുറക്കുന്നതിന് ഉപാധികൾ വയ്ക്കും. ടിബറ്റിന്റെ തലസ്ഥാനമായ ലാസയിൽ യുഎസിന് നയതന്ത്ര കാര്യാലയം തുറക്കാൻ അനുമതി നല്കിയാലേ ചൈനയ്ക്ക് യുഎസിൽ പുതിയ കാര്യാലയം അനുവദിക്കൂ.
ജയിംസ് പി മക്ഗവേൺ അവതരിപ്പിച്ച ബിൽ 22ന് എതിരേ 392 വോട്ടുകൾക്കാണ് ജനപ്രതിനിധി സഭയിൽ പാസായത്. സെനറ്റിലും പാസായി പ്രസിഡന്റ് ട്രംപ് ഒപ്പുവച്ചാൽ നിയമമാകും.
ദലൈലാമയുടെ പുനരവതാരമെന്നു കരുതുന്ന പിൻഗാമിയെ കണ്ടെത്തി വാഴിക്കൽ ടിബറ്റൻ ബുദ്ധമതക്കാരുടെ ആത്മീയകാര്യം മാത്രമാണെന്നു ബില്ലിൽ ചൂണ്ടിക്കാട്ടുന്നു.
ദലൈലാമയുടെ പിൻഗാമിയെ വാഴിക്കുന്ന ചൈനക്കാർക്കെതിരേ ഉപരോധം
12:10 AM Jan 30, 2020 | Deepika.com